ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം – സ്വാമി നിർമ്മലാനന്ദഗിരി.

സ്വാമി നിർമ്മലാനന്ദഗിരി :
വൈദിക സങ്കല്പത്തിൽ സന്യാസം, വാനപ്രസ്ഥം, ഗാർഹസ്ഥ്യം, ബ്രഹ്മചര്യം എന്നിങ്ങനെ നാല് ആശ്രമങ്ങളായി ജീവിതത്തെ തിരിച്ചിട്ടുണ്ട്. മനുഷ്യജീവിതം ക്രമമായും സമഗ്രമായും അനുഭവങ്ങളുള്ളതാവണമെങ്കിൽ ആശ്രമരതനായിരിക്കണം, അല്ലെങ്കിൽ പക്വതയുണ്ടാവാൻ സാധ്യതയില്ല അനുഭവങ്ങളുണ്ടാവാൻ സാധ്യതയില്ല. വിദ്യാഭ്യാസകാലം കൃത്യമായ ബ്രഹ്മചര്യത്തിന്റെ കാലമായിരിക്കണം എങ്കിലേ കോശങ്ങളിൽ വരെ അറിവ് ചെല്ലുകയൊള്ളു.

കോശങ്ങളുടെ സമൂഹമാണ് Tissue അഥവ ധാതു എന്ന് പറയുന്നത്. ഒരുവന്റെ ധാതുവിലേക്ക് കടന്നു ചെല്ലാത്ത അറിവുകളൊന്നും അവന് പ്രയോജനപ്പെടുകയില്ല ഇല്ലെങ്കിൽ അവൻ അന്യനുമായി സംവദിക്കുമ്പോൾ ഹൃദയപൂർവ്വമാവുകയില്ല. കാരണം മനുഷ്യന്റെ ഓരോ കോശവും (മനുഷ്യന്റെയെന്നല്ല ജീവികളുടെയെല്ലാം) പൂർണ്ണവും, അതേപോലെ തന്നെ മരണമില്ലാതാകുവാൻ ശ്രമിക്കുന്നതുമാണ്. കാരണം ഓരോ കോശവും ശ്രമിക്കുന്നത് Immortal ആവാനാണ് മരിക്കാതിരിക്കാനാണ്. അതിന് അറിവ് വളരെ പ്രധാനപ്പെട്ടതാണ്, മരണത്തെ അതിജീവിക്കാൻ. അതുകൊണ്ട് അറിവ് അതുപോലെ പക്വമായി കയറണമെങ്കിൽ വിഷയലോകങ്ങൾ കലർന്ന് കേറാതിരിക്കണം. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ബാല്യകാലം പൂർണ്ണമായ ബ്രഹ്മചര്യത്തിന്റെ കാലമായി കണക്കാക്കി അതിനെ ബ്രഹ്മചര്യാശ്രമം എന്ന് വിധിച്ചത്.

അപ്പോൾ എന്തെല്ലാം അറിവ് കോശങ്ങളിൽ കടക്കുന്നുവോ മസ്തിഷ്കത്തിലേക്ക് കയറുന്നുവോ അത് സ്വഭാവമായും, വികാരമായും, വിജ്ഞാനമായും രൂപാന്തരപ്പെടും. വിജ്ഞാനമായി രൂപാന്തരപ്പെട്ടാൽ മറ്റുള്ളവരിലേക്ക് അത് പകർന്നുനൽകും. വികാരമായാൽ താനിടപെടുന്നിടത്തെല്ലാം വിജ്ഞാനത്തെമറികടന്ന് വികാരമായി അത് സമ്മേളിക്കും. ഇതൊക്കെ വരാതിരിക്കണമെങ്കിൽ ബ്രഹ്മചര്യത്തിന് പൗരാണികർ വലിയ പ്രാധാന്യം നല്കിയിരുന്നു. വൈദിക കാല ജീവിതത്തിന്റെ പ്രത്യേകതയാണത്. അതിനെയാണ് ലോകത്തെമ്പാടും സന്യാസം മാതൃകയായി സ്വീകരിക്കുന്നത്. ലോകത്തെമ്പാടുമുള്ള സന്യാസത്തിന് ഈ മാതൃകയുണ്ട്, അപ്പോൾ ബാല്യം ബ്രഹ്മചര്യത്തിനാണ്. കാളിദാസനിത് സ്മരിക്കുന്നുണ്ട് രഘുവംശചക്രവർത്തിമാരുടെ കാര്യത്തിൽ.

“ശൈശവേ അഭ്യസ്തവിദ്യാനാം
യൗവ്വനേ വിഷയൈഷിണാം
വാർദ്ധകേ മുനിവൃത്തീനാം
യോഗേനാന്തേ തനു ത്യജാം “

ബാല്യത്തിലേ വിദ്യകളഭ്യസിച്ചും
താരുണ്യമായാൽ വിഷയേ സുഖിച്ചും
വാർദ്ധക്യകാലം മുനിയായ്കഴിച്ചും
ദേഹത്തെ യോഗാൽ ഒടുവിൽ ത്യജിക്കും

രഘുവംശ ചക്രവർത്തിമാരും അങ്ങനെയായിരുന്നു. ബ്രഹ്മചര്യാശ്രമം ആ കാലത്ത് ഉന്നതരായ ഗുരുക്കന്മാരുടെ അടുക്കൽ പഴയകാലത്താണെങ്കിൽ നളന്ദ, തക്ഷശില മുതലായ യൂണിവേഴ്സിറ്റികളിലൊക്കെ പഠിച്ച് പഠനം കഴിയുമ്പോൾ Convocation – ൽ കുലപതി ഉപദേശം കൊടുക്കുമ്പോൾ “ഞങ്ങൾ പഠിപ്പിച്ചതിലെ നല്ല കാര്യങ്ങൾ നിങ്ങൾ അനുവർത്തിക്കണം” ഞങ്ങളെ അനുകരിക്കണം എന്നുപോലുമല്ല പഠിപ്പിക്കുന്നത്. “ഞങ്ങളുടെ തെറ്റുകളൊന്നും നിങ്ങൾ അനുവർത്തിക്കരുത് , അത് ഞങ്ങളുടെ വാസനകളുടേതാണ് – നിങ്ങൾ ശ്രദ്ധയോടുകൂടി ദാനം ചെയ്യണം, അശ്രദ്ധയായ് ഒന്നും ദാനം ചെയ്യരുത് – മാതാവ് പിതാവ്,ആചാര്യൻ, അതിഥി ഇവരെയൊക്കെ ഈശ്വരതുല്യം കണക്കാക്കണം ” ഇങ്ങനുള്ള ഉപദേശങ്ങളെല്ലാം കൊടുത്ത് നിങ്ങൾക്ക് ചേരുന്ന ഉത്തമ സന്താനങ്ങളെ ജനിപ്പിച്ച് ജീവിക്കണം.

അന്നൊക്കെ തന്റെ വംശം നിലനിർത്തുന്നതിന് ജനിപ്പിക്കുന്നവനെയാണ് “ധർമ്മജൻ” എന്ന് പറയുന്നത് . വികാരപൂരണത്തിനായിരിക്കരുത് വിവാഹ ജീവിതം. പഠിത്തം കഴിഞ്ഞ് ഉപദേശിച്ച് വിടുന്നതുകൊണ്ട് പുത്രന്മാർ അധികം ഉണ്ടാകില്ല. ഒന്നാമതുണ്ടാകുന്നതാണ് ധർമ്മജൻ പിന്നെയുണ്ടാകുന്നതെല്ലാം കാമജന്മാരാണ് എന്ന് പഠിപ്പിച്ച് തന്നെയാണ് വിടുന്നത് അതുകൊണ്ട് Positive Remedy കളോ മറ്റു കാര്യങ്ങളോ വേണ്ടിവന്നില്ല.

ചെവിയുടെ താഴെ നര വരുമ്പോൾ ഇനി തനിക്ക് ലൌകിക ആഗ്രഹങ്ങളില്ല അതൊക്കെ തന്റെ തന്നെ കോശത്തിൽ നിന്നുണ്ടായ പുത്ര പൗത്രന്മാർക്കായി ഏൽപ്പിച്ചുകൊടുക്കേണ്ടതാണ്. തന്റെ സാന്നിധ്യം ഏകാഗ്രതയേയും മറ്റുള്ളതിനെയും ബാധിക്കും അതുകൊണ്ട് വീടിനോട് ചേർന്ന് ഒരു കുടിൽ കെട്ടി അവർ തരുന്ന ഭിക്ഷ കഴിച്ച് കുടിചകവൃത്തിയിൽ ജീവിക്കുകയോ, അല്ല , പുറത്തിറങ്ങി ഭിക്ഷയെടുത്ത്‌ ജീവിക്കുകയൊ, അതുമല്ല ഒരിക്കലും താനെവിടെയാണെന്ന് അവരറിഞ്ഞ് ദുഃഖിക്കരുത് എന്ന് വിചാരിച്ച് വനത്തിലേക്ക് പോവുകയോ ആണ് ചെയ്തിരുന്നത്.

ഇതൊക്കെ പഠിച്ചത്പ്രകൃതിയിൽ നിന്നുതന്നെയാണ് എന്നാണ് അന്നുള്ളവരിൽ ചിലര് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ഇന്ന് കാണുന്ന എല്ലാ അറിവും മനുഷ്യനോളം പുരോഗമിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന ജീവജാലങ്ങളിൽ നിന്ന് പഠിച്ചു എന്നാണവർ പറയുന്നത്. പ്രസിദ്ധങ്ങളായ ആയുർവേദ തത്വസംഹിതകളുണ്ടാകുമ്പോൾ അതിലെ ഔഷധങ്ങൾ കണ്ടെത്തിയതെല്ലാം പല ജീവികളും അതുപയോഗിക്കുന്നത് കണ്ടിട്ടാണെന്നാണ്. എട്ടുകാലി വലകെട്ടുമ്പോൾ, വളരെ വേഗത്തിൽ പറന്നുവരുന്ന ഒരു പറവ വലയെ മുറിച്ച് പോവാതിരിക്കാനാണ് അതിന്റെ കാലുകൾ സ്പ്രിങ്ങുകളായി കെട്ടുന്നത് എന്ന് കണ്ടിട്ടാണ് അന്നത്തെ എഞ്ചിനിയറിംഗ് സിദ്ധാന്തങ്ങളുണ്ടായത് എന്നാണ് അവർ വാദിക്കുന്നത്, Statics ഉം Dynamics ഉം ഒക്കെ.

അതുപോലെ സന്യാസത്തിനും പ്രകൃതിയോടൊരു ബന്ധമുണ്ടെന്ന് പറയും. കാക്ക പ്രായം ചെന്ന് ചാകുന്നത് നാമാരും ഇതുവരെ കണ്ടിട്ടില്ല, ആനയുടെ കാര്യത്തിലും വ്യത്യസ്തമല്ല, കാരണം ഒരു ചെറിയൊരു പരുക്ക് ഒരു കാക്കയ്ക്ക് പറ്റിയാൽ കാക്കകൾ തമ്മിലുള്ള ബന്ധം വളരെ ഈടുവയ്പ്പുള്ളതാണ്. വല്ലാതെ വേദനയോടെകൂടി മറ്റ് കാക്കകൾ കരഞ്ഞ് എല്ലാത്തിനെയും വിളിച്ച്കൂട്ടും. ആ വേദന കോശങ്ങളിൽ കടന്നു ചെല്ലുമ്പോഴാണ് മരണത്തിന്റെ ഒരറിവ്‌ കോശങ്ങൾക്കുണ്ടാകുന്നത് ആ അറിവ് അവന്റെ കർമ്മപഥങ്ങളെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് മരണമില്ലാത്തൊരു സങ്കല്പം കൊടുക്കുവാൻ ബുദ്ധിമാനായ മനുഷ്യൻ ബാധ്യസ്ഥനാണ്. അപ്പോഴാണവൻ മരണത്തെ അതിജീവിക്കുന്നതും. അതുകൊണ്ട് കാക്കകൾ പൊതുവേ പ്രായമെത്തുമ്പോൾ തങ്ങളുടെ കൂട്ടത്തിൽ നിന്നും പരന്നകന്നുപോവുകയാണ് ചെയ്യുന്നത്. ഏകാന്തമായ ഒരു സ്ഥലത്തുചെന്ന് മാത്രമേ അവ ശാന്തമായിരുന്നു മരിക്കുകയൊള്ളു എന്നാണ് പക്ഷി നിരീക്ഷകരിൽ പ്രാചീനർ പറഞ്ഞിരിക്കുന്നത്.

അതുപോലെ തന്റെ കുടുംബത്തിൽ നിന്നും തന്റെ ബന്ധങ്ങളിൽ നിന്നും ജീവിച്ചിരിക്കുമ്പോൾ തന്നെ വേർപെട്ടുപോകുമ്പോൾ താനെവിടെയോ ഉണ്ടെന്നും എന്നെങ്കിലും തിരിച്ചുവരും എന്ന പ്രതീക്ഷയിലിരിക്കയാൽ മരണമെന്നൊന്ന് അറിയുന്നേയില്ല. അങ്ങനെ പ്രായമെത്തുമ്പോൾ, നല്ല ആരോഗ്യമുള്ളപ്പോൾ വാനപ്രസ്ഥത്തിലേക്ക് “വന സംഭക്തൗ” ” വനനീയം സംഭജനീയം” തന്റെ മനസ്സിന്റെ ഉള്ളറയിലേക്ക് , ഇതുവരെ സഞ്ചരിച്ചത് തുറന്ന വാതിലുകളുള്ള വിപുലങ്ങളായ സൗകര്യങ്ങളുള്ള സ്ഥലങ്ങളിലുടെയാണ് .നഗരങ്ങളിലെ വാതിലുകളെല്ലാം കോട്ടവാതിലുകൾ പോലെ വലുതാണ്, അതിലെല്ലാസൗഭാഗ്യങ്ങളുമുണ്ട് ആ സൗഭാഗ്യങ്ങളിലൂടെയാണിതുവരെ സഞ്ചരിച്ചത്.

ഇടുങ്ങിയ വാതിലുകളിലൂടെ സഞ്ചരിക്കുവാൻ ആരും ആഗ്രഹിക്കാറില്ല. അതിലാണ് സൗഭാഗ്യങ്ങളിരിക്കുന്നതെന്ന് ആരും മനസ്സിലാക്കാറുമില്ല. ആ വാതിലിലൂടെ സഞ്ചരിച്ച് തന്റെ ഉള്ളിൽ കടന്ന് ഏകാന്തമായി തന്നെത്തന്നെ അന്വേഷിക്കുക ഇത് വാനപ്രസ്ഥത്തിന്റെ ലോകമായിരുന്നു. അതില് എപ്പോഴാണോ മനസ്സ് ശാന്തമാവുന്നത്. മനസ്സ് ശാന്തമാവുന്നത് മനോവൃത്തികളെല്ലാം അസ്തമിക്കുമ്പോഴാണ്,

മനസ്സിനെ അശാന്തമാക്കുന്നതെല്ലാം വൃത്തികളാണ്. വർത്തിക്കുന്നതുകൊണ്ടാണ് വൃത്തിയെന്ന് പറയുന്നത്. ചുറ്റുപാടുകളല്ല മനസ്സിനെ അസ്വസ്ഥമാക്കുന്നത്. തന്റെ ഉള്ളിലുള്ള വൃത്തികളാണ്. പ്രമാണം, വിപര്യയം, വികല്പം, നിദ്ര, സ്മൃതി ഇവയാണ് വൃത്തികൾ. ഇവ ക്ലേശബഹുലങ്ങളും അക്ലിഷ്ടങ്ങളുമായി വരുമ്പോൾ പത്ത് തരത്തിൽ വരും. ഈ വൃത്തികളാണ് മനസ്സിനെ അസ്വസ്ഥമാക്കുന്നത് . ഈ വൃത്തികൾ ശാന്തമാവാനായിരിക്കണം ബ്രഹ്മചര്യം കഴിഞ്ഞുള്ള ഗാർഹസ്ഥ്യ ജീവിതം ഉപയോഗിക്കേണ്ടത്. ഉത്തമമായി ഉപയോഗിക്കേണ്ടത്. അങ്ങനെ വൃത്തികൾ ശാന്തമാവുന്ന, മനസ്സ് ശാന്തമാകുന്നവൻ ഈശ്വരനെ ദർശിക്കും അന്നും – ഇന്നും – എന്നും.

Leave a Reply