ഹിന്ദോളരാഗത്തിന്റെ തിരയിളക്കങ്ങൾ

ആഴമേറിയ കയങ്ങളും അടിയൊഴുക്കുകളും ഒളിപ്പിച്ചുവെച്ചുകൊണ്ടു ശാന്തമായൊഴുകുന്ന പുഴ. ഹിന്ദോളരാഗത്തെ, അതിന്റെ രാഗഭാവത്തെ വിശേഷിപ്പിക്കാൻ ഇതിലും നല്ലൊരു ഉപമയില്ല എന്റെ കയ്യിൽ. സാന്ദ്രവും പ്രൗഢഗംഭീരങ്ങളുമായ ഭാവ-രസങ്ങളെ പ്രകാശിപ്പിക്കുവാനാണ് ഹിന്ദോളരാഗം സാധാരണ ഉപയോഗിച്ചുവരുന്നത് എന്നർത്ഥം. രാഗത്തിന്റെ ശാസ്ത്രീയ വശങ്ങളിലേക്ക് പോകാതെ, മേൽപ്പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കാനായി നാലഞ്ചു പാട്ടുകൾ എടുത്തുകാണിക്കുക എന്നത് മാത്രമേ ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഈ പാട്ടുകൾ ശ്രദ്ധിച്ചു കേൾക്കുന്ന ഒരു സഹൃദയന് പിന്നീട് ഹിന്ദോള രാഗം എവിടെക്കേട്ടാലും തിരിച്ചറിയാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല എന്നുറപ്പാണ്.

തുടക്കം വടക്കുനിന്നാവട്ടെ. കാവേരിക്ക് തെക്കുള്ള സംഗീതമായ കർണ്ണാടകസംഗീതത്തിലെ ഹിന്ദോളരാഗത്തിനു സമാനമായി ഹിന്ദുസ്ഥാനിയിലെ ഒന്നല്ല ഒരുകൂട്ടം രാഗങ്ങളുണ്ട്. പൊതുവായി അവ ‘കോൺസ്’ രാഗങ്ങൾ എന്ന് വിളിക്കപ്പെടുന്നു. രാഗാലാപനത്തിൽ അൽപാൽപം വ്യത്യാസമുള്ള ഇവയിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് ‘മാൽകോൺസ് ‘. തെക്കുള്ള ഹിന്ദോളവുമായി രാഗഭാവം കൊണ്ട് ഏറ്റവും അടുത്ത് നിൽക്കുന്നതും മാൽകോൺസ് തന്നെ. ഹിന്ദി സിനിമാപ്പാട്ടിൽ മാൽകോൺസ് രാഗത്തിന്റെ അവസാനവാക്ക് എന്ന് പറയാവുന്നത് പണ്ടുപണ്ടിറങ്ങിയ ‘മന് തര്പത് ഹരിദർശൻ കോ ആജ്’ (ഭഗവാൻ ഹരിയെക്കാണാൻ ഇന്നെന്റെ മനസ്സ് തപിക്കുന്നു) എന്ന ഗാനമാണ്. ആഴത്തിൽ ഭക്തിഭാവമുൾക്കൊള്ളുന്ന ഈ പാട്ട് അടിമുടി മാൽകോൺസ് രാഗത്തിലാണ്. ശ്രദ്ധയോടെ കേൾക്കുക:

ഇനി വടക്കുനിന്നും തെക്കോട്ടൊരു ഹനുമാൻചാട്ടമാവാം. നമ്മൾ വന്നു നിൽക്കുന്നത് കർണ്ണശപഥം കഥകളിയിലാണ്. തന്റെ യഥാർത്ഥ മാതാപിതാക്കൾ ആരെന്നറിയാതെ, ദുര്യോധനന്റെ ഔദാര്യത്തിൽ അംഗരാജാവായി, മറ്റുള്ളവരുടെയെല്ലാം നിന്ദാവാക്കുകൾ ഏറ്റുവാങ്ങി സങ്കടപ്പെടുന്ന കർണ്ണന്റെ കരുണാരസപ്രധാനമായ വിലാപം. ഹൃദയസ്പർശിയായ ഈ കഥകളിപ്പദത്തെ ഹിന്ദോളരാഗത്തിന്റെ സകല ഭാവപൂർണ്ണിമയും ഉൾക്കൊണ്ടു ഉള്ളുലയ്ക്കുന്ന വിധം പാടിയിരിക്കുന്നത് മഹാഗായകനായ കലാമണ്ഡലം ഹൈദരാലിയാണ്. മുഴുവൻ കേൾക്കുക. കേൾക്കുമ്പോൾ തന്നെ അറിയാം മാൽകോൺസ് രാഗത്തിൽ അവിടെ റഫിസാബ് പാടിയതും ഹിന്ദോളരാഗത്തിൽ ഇവിടെ ഹൈദരാലി പാടിയതും രാഗലക്ഷണങ്ങളാൽ മനസ്സിലേയ്ക്ക് ഒരുപോലെ വരുന്നത്.

അടുത്തതായി നമുക്ക് കേൾക്കേണ്ടത് നമ്മുടെ പ്രിയസംവിധായകൻ ഭരതനെയാണ്. അദ്ദേഹത്തിന്റെ ഇഷ്ടരാഗമായിരുന്നു ഹിന്ദോളമെന്നു പ്രസിദ്ധം. ‘കേളി’ എന്ന തന്റെ ചിത്രത്തിൽ അദ്ദേഹം തന്നെ ഹിന്ദോളരാഗത്തിൽ ചിട്ടപ്പെടുത്തിയതാണ് ‘താരം വാൽക്കണ്ണാടി നോക്കി…’ എന്ന മനോഹരഗാനം. ഭരതൻ ചിത്രങ്ങളുടെ മുഖമുദ്രയായ ഒട്ടൊക്കെ പ്രാകൃതമായ രതി എന്ന ഭാവം ഇവിടെ ഹിന്ദോളത്തിൽ വരുമ്പോൾ പ്രൗഡഗംഭീരമായ ശൃഗാരമെന്ന രസമാകുന്നത് വരികളിലും സംഗീതത്തിലും ഒരുപോലെ അറിഞ്ഞനുഭവിക്കുക. അടിയൊഴുക്കുകൾ ഉള്ളിൽ മറച്ചുകൊണ്ട് പുറമേ ശാന്തമായൊഴുകുന്ന പുഴയെ ഓർക്കുക:

വീണ്ടും മലയാളത്തിൽ നിന്നുള്ള പ്രസിദ്ധമായ ഒരു ഗാനം. എം. ജയചന്ദ്രന്റെ ‘അമ്മമഴക്കാറിനു കൺനിറഞ്ഞു’ എന്ന പാട്ട് ആദ്യം കേൾക്കുമ്പോൾ പരിമിതമായ കേൾവിജ്ഞാനം വെച്ചുകൊണ്ട് എന്റെ മനസ്സിൽ തോന്നിയത് അത് ഹിന്ദോളമാണെന്നായിരുന്നു. പിന്നെ പലരും പറഞ്ഞു കേട്ടു അത് ആദ്യം പറഞ്ഞ ഹിന്ദുസ്ഥാനിയിലെ ‘കോൺസ്’ കുടുംബത്തിൽപ്പെട്ട ‘ചന്ദ്രകോൺസ്’ എന്ന രാഗമാണെന്ന്. കിറുകൃത്യമായി സിനിമാപ്പാട്ടുകളിൽ രാഗങ്ങൾ കണ്ടെത്താൻ മെനക്കെടേണ്ടതില്ല. നമുക്കിവിടെ നോക്കേണ്ടത് ആ രാഗഭാവമാണ്. പ്രൗഢിയുള്ള മാതൃത്വത്തിന്റെ ശോകഭാവവും കരുണാരസവും ശാന്തമായി പെയ്യുന്ന മഴപോലെ ഹിന്ദോളരാഗത്തിൽ നിങ്ങൾ തന്നെ അനുഭവിച്ചറിയുക:

ഇനി രവീന്ദ്രന്മാഷിന്റെ ‘ചന്ദനമണിവാതിൽ..’ തുടങ്ങിയ ഹിന്ദോളരാഗത്തിന്റെ ഛായയുള്ള പാട്ടുകൾ നിങ്ങൾക്കായി വിട്ടുതരുന്നു.

2 thoughts on “ഹിന്ദോളരാഗത്തിന്റെ തിരയിളക്കങ്ങൾ

Leave a Reply to PriyaCancel reply