“അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരസ്കരിക്കുക. ഒപ്പം,
വിശ്വാസങ്ങളെയും ആചാരങ്ങളെയും അന്ധമായി തിരസ്കരിക്കാതിരിക്കുക.”
എന്നൊരു ഈരടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ തുടർച്ചയായുള്ള പോസ്റ്റുകൾ സമാഹരിച്ചിരിക്കുന്നതാണിത്
- A
ചോദ്യം: വിശ്വാസത്തിലോ, ആചാരത്തിലോ യുക്തിക്ക് സാധ്യത ഉണ്ടോ?
ഉത്തരം: മുൻവിധികളില്ലാതെ എന്തിനെയും യുക്തിവിചാരം ചെയ്യാവുന്നതാണ്. തൊണ്ണൂറു ശതമാനം ആചാരങ്ങളിലും വിശ്വാസങ്ങളിലും യുക്തിയൊന്നുമില്ല എന്ന് ഏതാണ്ട് ഉറപ്പാണ്. പക്ഷെ, പൊതുവെ നന്മയുദ്ദേശിച്ചുള്ളവയാണെങ്കിൽ അതിനെയൊന്നും എതിർക്കേണ്ട കാര്യമൊന്നുമില്ല.
വിദ്യാർത്ഥികൾ അധ്യാപകന്റെ കാൽ തൊട്ടു വണങ്ങുന്നത് നാട്ടിലെ ഒരു പഴയ ആചാരമാണ്. ഗുരുവിന്റെ കാലിൽ തൊട്ടതുകൊണ്ടു ഭൗതികതലത്തിൽ എന്തെങ്കിലും സംഭവിക്കുമോ? ആ കാലിലെ പൊടി കയ്യിൽ പറ്റും എന്നതലലാതെ യാതൊന്നുമില്ല. പക്ഷെ മാനസികമായി പക്വതയുള്ള ഒരു വിദ്യാർത്ഥി ഗുരു നടന്ന വഴികളിൽ നേടിയ അറിവുകൾ മുഴുവൻ മനസ്സിൽ കണ്ടുകൊണ്ട് – ആ അറിവിനെയും അറിവിന്റെ പിന്നിലെ ഗുരുപരമ്പരയെയും മനസ്സിൽ സ്മരിച്ചുകൊണ്ട് – അവരുടെ മുന്നിൽ സ്വയം ചെറുതാവുന്നു എന്ന ഭാവത്തിൽ ഗുരുവിന്റെ മുന്നിൽ കുനിഞ്ഞു കാൽ തൊടുന്നത് കാണുമ്പോൾ ആ ആചാരത്തെ പുച്ഛിക്കുന്ന നമ്മുടെ യുക്തിവാദികൾക്ക് ഓർമ്മ വരേണ്ടത് ഐസക് ന്യൂട്ടന്റെ ഈ വാക്കുകളാണ്:- “If I have seen further it is by standing on the shoulders of Giants.”
ന്യൂട്ടൻ പറഞ്ഞാൽ ആഹാ! നമ്മുടെ പൂർവികർ പറഞ്ഞാൽ ഏഹേ! ഇതാണ് മാറേണ്ടത്.
- B
മുതിർന്നവരുടെയും ഗുരുവിന്റെയും ഒക്കെ കാൽ തൊടുന്നത് അടിമത്തമായി വ്യാഖ്യാനിക്കപ്പെട്ടുതുടങ്ങിയത് എന്നുമുതലാണ് എന്ന് ആലോചിക്കേണ്ടതാണ്. ഞാനിതു കേൾക്കാൻ തുടങ്ങിയിട്ട് അഞ്ചാറുവര്ഷത്തില് മേലെയായിട്ടില്ല. രാഷ്ട്രീയലാക്കോടെ പാർട്ടികളും പ്രസ്ഥാനങ്ങളും സംസ്കാരത്തെ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അതിനെതിരെ ഉണ്ടായിവന്ന, അത്രത്തോളം തന്നെ താഴ്ന്ന തലത്തിലുള്ള ചില കൗണ്ടർ ആർഗ്യുമെന്റുകളാണ് ഗുരുശിഷ്യബന്ധത്തിലെ ഇത്തരം അടിമത്തവാദമൊക്കെ എന്നാണ് എനിയ്ക്കു തോന്നിയിട്ടുള്ളത്.
രാഷ്ട്രീയലാക്കോടെയുള്ള ഇത്തരം വാദങ്ങൾ മാറ്റിവച്ചിട്ടാലോചിച്ചാൽ, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഏതുതരത്തിലുള്ള ബന്ധമാണ് അദ്ധ്യാപകനും വിദ്യാർത്ഥിക്കും തമ്മിൽ ഉണ്ടാവേണ്ടത്? അത് സ്നേഹബഹുമാനങ്ങളിൽ അടിയുറച്ച ഒരു ബന്ധമാകുന്നതാണ് ഉത്തമം എന്നകാര്യത്തിൽ ആർക്കും ഒരു തർക്കവും ഉണ്ടാവാൻ സാധ്യതയില്ല. വിദ്യാഭ്യാസം കച്ചവടമായതും, അർഹതയില്ലാത്തവർ അദ്ധ്യാപകരായതും, വിദ്യാലയത്തിന്റെ പടികയറാൻ താല്പര്യവും യോഗ്യതയുമില്ലാത്തവർ അവരുടെ തന്തമാരുടെയും മറ്റും പണക്കൊഴുപ്പിൽ അര്ഹതപ്പെട്ടവരെ മറികടന്നു ഇടിച്ചുകയറുന്നതും എല്ലാം കൂടിച്ചേർന്ന ഇച്ചീച്ചിപ്പരുവത്തിൽ ഇന്നത്തെ വിദ്യാഭ്യാസമേഖലയെ എത്തിച്ചതിന്റെ ഉത്തരവാദികൾ ജാതിമതരാഷ്ട്രീയഭേദമെന്യേ നമ്മൾതന്നെയാണ്. അതിന്റെ തുടക്കം ഇംഗ്ളീഷുകാർ കൊണ്ടുവന്ന വിദ്യാഭ്യാസനയങ്ങളുമാണ് (കൂടുതലറിയാൻ ഇന്ത്യൻ എഡ്യൂക്കേഷൻ ആക്ട് 1835, മെക്കാളെ എന്നൊന്ന് ഗൂഗ്ലിയാൽ മതി). ആ നയങ്ങളുടെ പ്രഖ്യാപിതലക്ഷ്യം തന്നെ നമ്മുടെ സംസ്കാരത്തിന്റെ ഉദാത്തമായ ഭാവങ്ങളെ എടുത്തുകളഞ്ഞു ഇംഗ്ളീഷ് സാമ്രാജ്യത്തോടുള്ള വിധേയത്വം കഴിയാവുന്നത്ര ആഴത്തിൽ ഊട്ടിയുറപ്പിക്കലുമാണ്. നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ രീതിയെ മാറ്റി യൂണിവേഴ്സിറ്റി വിദ്യാഭ്യാസമാക്കിയതും അവർതന്നെ. അങ്ങനെ തുടങ്ങിവെച്ച വികലമായ നയങ്ങളിൽ ആകാവുന്നത്ര അഴിമതി പടർത്തി ‘വിദ്യാഭ്യാസം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്നാക്കിയതിന്റെ ഉത്തരവാദികൾ നമ്മൾതന്നെയാണ്. നൂറ്റാണ്ടുകളായി സംഭവിച്ച ഈ അപചയത്തിൽ നിന്നും കരകയറാൻ നമ്മുടെ പഴയ വിദ്യാഭ്യാസമൂല്യങ്ങളെ തിരിച്ചറിഞ്ഞേ പറ്റൂ. പക്ഷേ ഇന്ന് ഇതെല്ലാം പൊക്കിക്കൊണ്ടുവരുന്ന രാഷ്ട്രീയക്കാരുടെ ഉദ്ദേശം അധികാരമാണ് എന്നത് മറക്കരുതാത്തതുമാണ്.
പിന്നെ, സതി തുടങ്ങിയ അനാചാരങ്ങളെ യുക്തിസഹമായി ചിന്തിച്ചവർ എന്നേ ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചതാണ്. എന്നിട്ടും സ്ത്രീധനമൊക്കെ ഇന്നും വ്യാപകമായി തുടരുന്നു എന്നത് എന്തുകൊണ്ടാണ് എന്ന് ആലോചിച്ചാൽ അതിന്റെയൊക്കെ വേരുകൾ വികലമായ വിദ്യാഭ്യാസത്തിൽത്തന്നെ എത്തി നിൽക്കും എന്ന് കാണാവുന്നതാണ്. യുക്തിക്കു നിരക്കാത്ത യാതൊന്നും സ്വീകാര്യമല്ല എന്നുതന്നെയാണ് ഒന്നൊഴിയാതെ നമ്മുടെ ഓരോ പുരാതനതത്വങ്ങളും പഠിപ്പിക്കുന്നത്. രാഷ്ട്രീയക്കണ്ണട വെച്ചിട്ടല്ലാതെ അധികമാരും അതൊന്നും പഠിക്കാൻ ഇന്ന് തയ്യാറാവുന്നില്ല എന്നതാണ് ദുഃഖസത്യം.