തെരഞ്ഞെടുപ്പും ജനാധിപത്യവും

വോട്ടുചെയ്യുന്നതിനെപ്പറ്റി ഗംഭീരമായ താത്വിക അവലോകനങ്ങൾ പറന്നുനടക്കുന്നു.
പാർട്ടിയെ നോക്കാതെ വ്യക്തിക്ക് കുത്തണോ? അതോ വ്യക്തിയെ നോക്കാതെ പാർട്ടിക്ക് കുത്തണോ?
ഇതൊക്കെക്കാണുമ്പോൾ… ഇവർക്കൊക്കെ ഇതുവരെ നേരം വെളുത്തിട്ടില്ലേ എന്നൊരു സംശയം തോന്നുന്നുണ്ട്.
ആൾക്കൂട്ടം ഒരു നന്മയുടേയും തെളിവല്ല എന്ന പരമാർത്ഥം നമ്മൾ മനസ്സിലാക്കാത്തതെന്താണ്?
ഏതുപാർട്ടിയായാലും ഭരണത്തിലെത്തിയാൽ സർക്കാര് കാര്യം മുറപോലെ നടക്കും.
പതിവുപോലെ പൊതുജനതാൽപ്പര്യങ്ങൾ ഇഴഞ്ഞും വലിഞ്ഞും നീങ്ങും.
ജനാധിപത്യത്തിൽ പൊതുജനത്തിന് യോജിച്ച ഭരണാധികാരിയെ ലഭിക്കുമെന്ന് ഏതോ ബുദ്ധിമാൻ പറഞ്ഞിട്ടുണ്ട്.
അപ്പൊ ഭരണം നന്നാവാണേൽ പൊതുജനം നന്നായേ പറ്റൂ.
പക്ഷേ ‘ജനം’ നന്നാവാൻ വ്യക്തി നന്നായേ പറ്റൂ.
വ്യക്തി നന്നാവുന്നതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
വ്യക്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ പെടാപ്പാടുപെടുമ്പോൾ – ജീവിച്ചുപോവാൻ വിഷമിക്കുമ്പോൾ – മറ്റുള്ളവനെക്കുറിച്ചുംകൂടി ഒന്നാലോചിക്കാൻ തുടങ്ങിയാൽ അയാൾ നന്നായിത്തുടങ്ങിയെന്നു പറയാം.
അതിനു തലമുറകൾ സമയമെടുക്കും. പത്തറുപതു് വർഷമായിട്ടും നമ്മൾ എവിടേയും എത്തിയിട്ടില്ല.
പക്ഷെ അവിടെ എത്തിയ ജനാധിപത്യവ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങൾ ഉണ്ട്.
തലമുറകൾക്കു മുൻപേ അവർ അതിജീവിച്ച കെടുതികൾ നൽകിയ പാഠങ്ങൾ കാരണമായിരിക്കണം.
അല്ലെങ്കിൽ കട്ടും മുടിച്ചും അവരുടെ മുൻതലമുറകൾ ഉണ്ടാക്കിയ സമ്പത്തിന്റെ മത്തുകൊണ്ടായിരിക്കണം.
എല്ലാത്തിനും ഒരു സാക്ഷിയായി നോക്കിക്കാണുമ്പോൾ തോന്നുന്നത്… ബുദ്ധിമുട്ടിൽ നിന്നും സുഖത്തിൽ നിന്നും വ്യക്തി പഠിക്കാനും വളരാനും തയ്യാറായാൽ മാത്രമേ അവനിലും സമൂഹത്തിലും എന്തെങ്കിലും മാറ്റം വരുവാൻ സാധ്യതയുള്ളൂ എന്നാണ്.
അവിടെയാണ് നമ്മൾക്ക് പിഴയ്ക്കുന്നത്.
നമ്മൾ യാതൊന്നും പഠിക്കാൻ തയ്യാറല്ല.
എനിക്കിഷ്ടമില്ലാത്തതു പറയുന്നവനെ ഞാൻ അടുപ്പിക്കില്ല.
അയാൾ പറയുന്നത് കേൾക്കാനുള്ള ക്ഷമയെവിടെ?
വിധിയിൽ വിശ്വസിക്കാത്ത നമ്മെ നയിക്കുന്നത് നമ്മുടെ മുൻവിധിയാണെന്നറിയുന്നില്ല.
ഇഷ്ടമില്ലാത്ത സത്യങ്ങൾ പറയുന്നവനോട് നമ്മൾ പറയും:
ആദ്യം നീ നന്നാവ്… 😕

Leave a Reply