ഈശ്വരൻ നിർഗുണനാണ്

“ഈശ്വരൻ സഗുണനാണോ നിർഗുണനാണോ എന്നൊരു opinion തരാമോ” എന്ന് സുഹൃത്ത് ചോദിച്ചിരുന്നു. കുറച്ചുകാലമായി അധ്യാത്മവിഷയങ്ങളെപ്പറ്റി അറിയാൻ ശ്രമിച്ചു മനസ്സിലായതൊക്കെ ഇവിടെ എഴുതുന്നു.

— | —

ആദ്യമേ ‘ഈശ്വരൻ’ എന്നപദംകൊണ്ടുദ്ദേശിയ്ക്കുന്ന ശരിയായ അർഥം അറിയേണ്ടതാവശ്യമാണ്. നിത്യജീവിതത്തിൽ നാമെല്ലാം കാണുന്ന ഭൗതിക നിയമങ്ങൾ (ഉദാ. ഗുരുത്വാകർഷണം) മുതൽ സത്യം, ക്ഷമ, ദയ എന്നിങ്ങനെവരെയുള്ള ധാർമ്മിക നിയമങ്ങൾ വരെ ഈ പ്രപഞ്ചത്തിലെ പരമാണു മുതൽ ഗാലക്സികൾ വരെയുള്ളവയ്ക്ക് എന്ത് കാരണത്താൽ ബാധകമായിരിക്കുന്നുവോ ആ കാരണത്തിന് – നിയാമകശക്തിയ്ക്ക് – കൊടുത്തിരിക്കുന്ന പേരാണ് ഈശ്വരൻ എന്നാണു പുരാതന ഭാരതീയതത്വചിന്ത. നേരെമറിച്ച് ‘ദൈവം’ അഥവാ ‘ദേവത’ എന്നത് പ്രകൃതിയിലെ ഓരോരോ പ്രതിഭാസങ്ങൾക്കും കൊടുത്തിരിക്കുന്ന ഓരോമനപ്പേരായി കൂട്ടിയാൽ മതി. അതുകൊണ്ടു കോടിക്കണക്കിനു ദൈവങ്ങൾ, ദേവതകൾ ഉണ്ട്. പക്ഷെ ഈശ്വരൻ ഒന്നുമാത്രം. ചുരുക്കിപ്പറഞ്ഞാൽ, ദൈവമല്ല ഈശ്വരൻ എന്നത് വളരെ വ്യക്തമായി മനസ്സിലാക്കണം. ഇനി ഈശ്വരനെപ്പറ്റിയുള്ള അദൈതവേദാന്തികളുടെ സങ്കൽപ്പവും യുക്തിയും പറയാം. അതിങ്ങനെയാണ് :- എല്ലാത്തിനും കാരണമായുള്ളത് ഈശ്വരനാണ് എന്നതാണല്ലോ ഈശ്വരന്റെ നിർവചനം. അങ്ങനെയിരിക്കെ ഈശ്വരനിൽ ഏതു ഗുണം (നല്ലതോ ചീത്തയോ) സങ്കല്പിച്ചാലും ആ ഗുണമുള്ള അവസ്ഥയുടെ കാരണത്തെ ഈശ്വരനായി കാണണം. ആ ഗുണമില്ലായ്മയുടെ കാരണത്തെയും ഈശ്വരനായി കാണണം. അതായത്, ഈശ്വരനു ഇന്ന ഗുണമുണ്ട് എന്ന് പറഞ്ഞാൽ അതിന്റെ കാരണമായിരിക്കുന്നതായി ഈശ്വരൻ അപ്പോഴേ ലോജിക്കലി ഒരു ചുവട് മാറും. അതിനാൽ ബോധവിചാരത്തിനുള്ളിൽ വരുന്ന യാതൊന്നും ഈശ്വരന്റെ ഗുണമായി കരുതാൻ സാധ്യമാവുകയില്ല. ചുരുക്കിപ്പറഞ്ഞാൽ ഈശ്വരൻ നിർഗുണനാണ്. അത്തരത്തിൽ നിർഗുണനായ ഈശ്വരൻ തന്നെ ബ്രഹ്മം. ഒരു വ്യത്യാസവുമില്ല. ഈശ്വരൻ അഥവാ ബ്രഹ്മം നിർഗുണമായതിനാൽ ബോധത്തിനതീതമാണ്. അതായത് അതിനെപ്പറ്റി ബോധമുപയോഗിച്ച് ആലോചിക്കാൻ പോലും സാധ്യമല്ല. എന്നാൽ ഈശ്വരൻ അഥവാ ബ്രഹ്മത്തിന്റെ ‘ഉണ്മ’ (അതുണ്ട് എന്ന സത്യാവസ്ഥ) സർവ്വം ഈശ്വരനാണ് അഥവാ ബ്രഹ്മമാണ് എന്ന അനുഭവത്തിലൂടെ അറിയാനാവും. ആ അനുഭവത്തിനായി ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും ബോധത്തെയും തത്വചിന്തകൊണ്ട് എങ്ങനെ പ്രാപ്തമാക്കണം എന്നതാണ് ഈ ഉപനിഷത്തുക്കളും ഗീതകളും (ഭഗവദ്ഗീത, അഷ്ടാവക്രഗീത, അവധൂതഗീത എന്നിവ പ്രമുഖം) ഒക്കെ ആവർത്തിച്ചാവർത്തിച്ചു പറയുന്നത്.

വേദങ്ങളിൽ ഒരുഭാഗത്ത് യജ്ഞങ്ങളെപ്പറ്റി പറയുമ്പോൾ ഇന്നവിധത്തിൽ ഇഷ്ടികകൾ അടുക്കി തീകൂട്ടി അതിൽ നെയ്യുമുതലായ വസ്തുക്കൾ ഇന്നയിന്ന മന്ത്രങ്ങളോടെ ഹോമിക്കണം എന്ന് പറയുന്നതിനൊപ്പം അതിന്റെ തത്വചിന്താപരമായ അർത്ഥങ്ങൾ അതേ വേദങ്ങളുടെ ഭാഗമായ ഉപനിഷത്തുക്കൾ അതിവിശദവും ഗഹനവുമായി പറയുന്നുണ്ട് എന്ന് മാത്രം മനസ്സിൽ വെയ്ക്കുക. ഈശ്വരനെപ്പോലെ നിർഗുണമായ ഒന്നിനെ മനസ്സിലാക്കുവാൻ സാധാരണമനുഷ്യന് അത്രയെളുപ്പം സാധ്യമല്ല എന്നിരിക്കെ അതിലേക്കുള്ള ആദ്യപടികൾ സഗുണങ്ങളായ ദേവതകളുടെ ആരാധനയാണ് എന്നതായിരുന്നു പുരാതന ഭാരതീയരുടെ വഴി എന്നതും മനസ്സിൽ വെയ്ക്കുക. മേൽപ്പറഞ്ഞ അദ്വൈതം മുതലായ ആത്മീയവിഷയങ്ങൾ ഒരിക്കലും ആൾക്കൂട്ടത്തിന്റെയായിരുന്നില്ല ഇവിടെ. മേല്പറഞ്ഞവയൊക്കെ ആഴത്തിൽ വായിക്കുവാനോ മനസ്സിലാക്കുവാനോ ശ്രമിക്കുക പോലും ചെയ്യാത്ത ട്രഡീഷണൽ യുക്തിവാദികൾ പറയുന്ന പോലെ അവയൊന്നും യുക്തിയില്ലാത്ത വിശ്വാസമോ പ്രകൃതിശക്തികളുടെ ആരാധനയോ ചാതുർവർണ്ണ്യത്തിന്റെ അടിച്ചേല്പിക്കലോ ഒന്നുമല്ല. എന്നാലോ… ഉപരിപ്ലവമായ വായനയിൽ അവയെയെല്ലാം അങ്ങനേയും വ്യാഖ്യാനിയ്ക്കാം എന്നതാണ് വിരോധാഭാസം.

ഈ വിഷയം അത്തരത്തിൽ വൈരുധ്യങ്ങൾ ഉള്ളതും ഗഹനവുമായതിനാൽ മേല്പറഞ്ഞ തത്വങ്ങൾ ഒരു ഗുരുവിൽനിന്നും വർഷങ്ങളുടെ ശ്രവണം, മനനം, യുക്തിവിചാരം എന്നിവകൊണ്ട് മാത്രമേ സംശയങ്ങളൊഴിവാക്കി അനുഭവത്തിലെത്തിയ്ക്കാൻ സാധ്യമാവൂ. പുസ്തകവായനയ്ക്കും ഇക്കാര്യത്തിൽ പരിധിയുണ്ട്. അതില്ലാത്തതുകൊണ്ടാണ് പഠിക്കണം, അറിയണം എന്നുവിചാരിച്ചു ഇറങ്ങുന്ന യുക്തിവാദികൾക്കുപോലും ഇവയെപ്പറ്റിയൊക്കെ വളരെ വികലമായ ധാരണകൾ ഉള്ളത്. എന്റെ ഇത്തരം പോസ്റ്റുകൾ, കമന്റുകൾ എന്നിവ അതുകൊണ്ടുതന്നെ പരിഹാസ്യവുമാണ്. തികഞ്ഞ യുക്തിയോടെ ‘പ്രപഞ്ചം മനസ്സിന്റെ സൃഷ്ടിയാണ്’ എന്നൊക്കെയുള്ള ആഴമേറിയ അദ്വൈത തത്വചിന്ത വർഷങ്ങളുടെ പ്രയത്നത്തിലൂടെ മാത്രമേ കൃത്യമായി മനസ്സിലാക്കാനാവൂ. ഇതേപ്പറ്റിയൊക്കെ കൂടുതലായി അറിയാനുള്ള സത്യസന്ധമായ ആഗ്രഹമുണ്ടെങ്കിൽ വളരെ ചുരുക്കം ചില ഗുരുക്കന്മാരുടെ (പോപ്പുലർ സ്വാമിമാരുടെ അല്ല) ചില പ്രഭാഷണങ്ങൾ ഒരു തുടക്കമായി യൂട്യൂബ് ഇത്യാദികളിൽ ലഭ്യമാണ്.

Leave a Reply