കാൽ നൂറ്റാണ്ടിനു മുമ്പ് ഏതോ ഒരു ബാലമാസികയ്ക്കുവേണ്ടി എഴുതിക്കൊടുത്ത കുട്ടിക്കഥ… പത്തുപന്ത്രണ്ടു വര്ഷം മുൻപ് ദ്രവിച്ചുപോയ പേജുകൾ കണ്ടപ്പോൾ പകർത്തിയെഴുതിവെച്ചതാണ്. ചെറുപ്പത്തിലെ എഴുത്തിന്റെ ശൈലി ഇന്ന് വായിക്കുമ്പോൾ പരിഹാസ്യമായിത്തോന്നുന്നുവെങ്കിലും “ചരിത്രപ്രാധാന്യം” കണക്കിലെടുത്ത് ഇവിടെ വീശുന്നു. സഹൃദയരേ, സഹിച്ചാലും!
ഒരു ഓണക്കഥ – കുട്ടിക്കാലത്തെ ഒരു അനുഭവക്കുറിപ്പ് :-
കുട്ടിയായിരുന്നപ്പോള്‍ ഓണക്കാലം ചെലവഴിക്കുന്നത് അമ്മാവന്റെ വീട്ടിലായിരുന്നു. വളരെ വലിയൊരു പുരയിടത്തിന്റെ നടുവിലായിരുന്നു ആ വീട്. വീടിന്റെ അടുത്തുള്ള സ്ഥലത്തൊക്കെ കൃഷിയും മറ്റും ഉണ്ടായിരുന്നെങ്കിലും അകലെയുള്ള പലയിടങ്ങളും വന്‍ മരങ്ങളും, കുറ്റിക്കാടുകളും, ഇടിഞ്ഞു പൊളിഞ്ഞ രണ്ടു ചെറിയ കുളങ്ങളും, പുല്‍ത്തകിടികളും, മഴയായതിനാല്‍ വെള്ളം നിറഞ്ഞു കിടക്കുന്ന ആഴം കുറഞ്ഞ കുഴികളുമൊക്കെയായി ഒരു കാട് തന്നെയായിരുന്നു. അന്നത്തെ കൂട്ടുകാരന്‍ ചെറിയമ്മയുടെ മകന്‍ ഹരി. സമപ്രായവും ഏതാണ്ടൊക്കെ ഒരേ സ്വഭാവവും ആയതിനാല്‍ നല്ല കൂട്ടുകാരായിരുന്നു രണ്ടുപേരും. രണ്ടു പേരുടെയും പ്രധാന ഹോബി വായന തന്നെ. പിന്നെ കാടുകയറി നടക്കലും. അമ്മാവന്റെ വീട്ടില്‍ പോകുമ്പോള്‍ കുറെ പുസ്തകങ്ങള്‍ രണ്ടു പേരും കൊണ്ടുവരും. പ്രധാനമായും ചിത്രകഥകളും കുട്ടികളുടെ നോവലുകളും. അമര്‍ചിത്രകഥയും, ഇന്ദ്രജാല്‍ കോമിക്സും എല്ലാം കാണും. പുരയിടത്തിലെ കാട്ടുപ്രദേശത്തെ ഏതെങ്കിലും മരത്തിന്റെ കൊമ്പത്തൊക്കെ കയറി ഇരുന്നാവും വായനയും മറ്റും. അങ്ങിനെ ഒരു ദിവസം വായിച്ച പുസ്തകങ്ങളില്‍ കണ്ട ഒരു കാര്യം രണ്ടുപേര്‍ക്കും വല്ലാതെയങ്ങ് പിടിച്ചു… കുറച്ചു കുട്ടികള്‍ ഒരു കാട്ടിലേയ്ക്ക് പോകുന്നതും അവിടെ വഴി തെറ്റുന്നതും അവരില്‍ രണ്ടുപേര്‍ ഒരു ചെറിയ ടെന്റ് ഉണ്ടാക്കി തീയൊക്കെ കൂട്ടി കിട്ടിയ കിഴങ്ങും മറ്റും വേവിച്ചു തിന്നുന്നതും ഒക്കെയായിരുന്നു വിഷയം…
“എടാ… നമുക്കൊന്ന് പരീക്ഷിച്ചാലോ…” ഹരി ആലോചനയില്‍ മുഴുകി പറഞ്ഞു.
“സംഗതി കൊള്ളാം…” ഞാന്‍.
“പക്ഷെ രാത്രി തന്നെ വേണം… എന്നാലെ അതിന്റെ ഒരു ഇത് വരൂ…” ഹരി.
“പക്ഷെ… ആദ്യം ഈ ടെന്റ് ഉണ്ടാക്കണ്ടേ… എന്തോന്ന് കുന്തം വെച്ച് ഉണ്ടാക്കും…?” ഞാന്‍
“വാടാ… നമുക്ക് നോക്കാം. നീയാ പുസ്തകത്തിലെ പടം കണ്ടില്ലേ… അതുപോലെ ഒരെണ്ണം തട്ടിക്കൂട്ടാം…”
പുസ്തകത്തിലെ പടം നമ്മുടെ നാടോടികള്‍ ഉണ്ടാക്കുന്ന പോലത്തെ ചെറിയൊരു കൂടാരമായിരുന്നു. രണ്ടുപേരുടെയും ഉള്ളിലെ എന്‍ജിനീയര്‍മാര്‍ ഉടന്‍ പുറത്തുചാടി. പുരയിടത്തില്‍ മറ്റൊരു ഭാഗത്ത് ശീമക്കൊന്ന മുട്ടനായി വളര്‍ന്നു നില്‍പ്പുണ്ട് ഇഷ്ടം പോലെ. കൂടാരത്തിന്റെ ഫ്രെയിം അത് വെച്ച് വേലിക്കമ്പി കൊണ്ട് കൂട്ടിക്കെട്ടി ഉണ്ടാക്കാം. രണ്ടു പേര്‍ക്ക് കഴ്ടിച്ചു രാത്രി കഴിച്ചുകൂട്ടാനുള്ള ഏകദേശ വലുപ്പം മതിയല്ലോ. കൂടാരത്തിന്റെ മേല്‍ക്കൂര എന്ത് പണ്ടാരം വെച്ച് ഉണ്ടാക്കും… ചിന്ത മൂത്തപ്പോള്‍ ഓര്‍മ്മവന്നു… പണ്ട് പട്ടാളത്തില്‍ നിന്നും തിരികെ വന്നപ്പോള്‍ ഒരു അമ്മാവന്‍ ഒരു ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുവന്നിരുന്നത് തട്ടിന്‍പുറത്ത് പൊടിയടിച്ചു കിടപ്പുണ്ട്. അത് അടിച്ചു മാറ്റാം. പിന്നെ തീ കൂട്ടുന്നത്… അത് വലിയ പ്രശ്നമല്ല. ചെറിയൊരു അലുമിനിയം കലവും രണ്ടു മരച്ചീനിക്കഷണവും രണ്ടു പഴവും ഉണ്ടെങ്കില്‍ പാചകത്തിനുള്ള സാധനങ്ങളുമായി…
പക്ഷെ… എവിടെ കെട്ടും കൂടാരം? വീടിനടുത്ത് രാത്രിയില്‍ ഈ പരിപാടി നടക്കുന്ന പ്രശ്നമില്ല. അടി ഏതു വഴിയെയൊക്കെ വരും എന്നാലോചിച്ചാല്‍ മതി. ദൂരെ മാറി കാടുപിടിച്ച് കിടക്കുന്ന ഏതെങ്കിലും സ്ഥലം തെരഞ്ഞെടുക്കണം… നടന്നു നോക്കി… മഴക്കാലം കഴിഞ്ഞു ആകെ പച്ചപ്പാണ് മുഴുവന്‍. അവസാനം പറ്റിയ ഒരു സ്ഥലം കണ്ടെത്തി. ആഴം കുറഞ്ഞു വെള്ളം നിറഞ്ഞു പരന്നു കിടക്കുന്ന ഒരു കുഴിയുണ്ട്… ചെറിയൊരു തടാകം പോലെ. അതിലേയ്ക്ക് രണ്ടു മൂന്നു മുട്ടന്‍ ഞാവല്‍ മരങ്ങള്‍ ചാഞ്ഞു നില്‍പ്പുണ്ട്. ചുറ്റും പുല്ലു വളര്‍ന്നു നില്‍ക്കുന്നു… ഇത്തിരി ഉയരം കൂടുതലാണെങ്കിലും നല്ലൊരു പുല്‍ത്തകിടി പോലെ… രണ്ടു പേര്‍ക്കും സ്ഥലം ഇഷ്ടമായി…
അപ്പോള്‍ അടുത്ത ഗംഭീര പ്രശ്നം… രാത്രി എങ്ങനെ ആരും അറിയാതെ പുറത്തു കടക്കും… ഒരേയൊരു വഴിയെ ഒള്ളൂ… എന്തെങ്കിലും കാരണമുണ്ടാക്കി വീടിന്റെ രണ്ടാം നിലയില്‍ കിടക്കുക, രാത്രി പതുക്കെ ചുവരില്‍ തള്ളി നില്‍ക്കുന്ന, അടുത്ത മുറി പണിയാനായി നിറുത്തിയിരിക്കുന്ന കല്ലുകളില്‍ പിടിച്ചു താഴെയിറങ്ങുക. (ഈ ഐഡിയ കിട്ടിയത് അന്ന് വായിച്ചിരുന്ന ഒരു ദേശത്തിന്റെ കഥയില്‍ നിന്നായിരുന്നു കേട്ടോ)… രണ്ടു പേരും ഉഷാറായി. ഇനി ടെന്റിന്റെ പണി തുടങ്ങാം…
* — * — *
സമയം ഉച്ചതിരിഞ്ഞ് ഒരു നാല് മണി. എന്‍ജിനീയര്‍മാര്‍ രണ്ടുപേരും കടലാസും പെന്‍സിലുമായി ടെന്റിന്റെ പ്ലാന്‍ വരയ്ക്കാന്‍ തുടങ്ങി. വളരെ വേഗം ഉണ്ടാക്കാന്‍ പറ്റണം. പുസ്തകത്തിലെ പടം നോക്കി. ഇംഗ്ലീഷ് ലെ ‘V’ എന്ന അക്ഷരം തിരിച്ചിട്ട പോലെ രണ്ടു കമ്പുകള്‍ കൂട്ടിക്കെട്ടിയാല്‍ മുന്നിലെ ഫ്രെയിം. അതേപോലെ അതെ അളവില്‍ പിന്നിലെ ഫ്രെയിം. രണ്ടും ചേര്‍ത്ത് മുകളില്‍ കുറുകെ ഒരു വടി. എല്ലാം കൂട്ടിക്കെട്ടി രണ്ടു തലതിരിച്ചിട്ട V കളും മണ്ണില്‍ കുത്തി നിറുത്തിയാല്‍ ടെന്റിന്റെ ഫ്രെയിം ആയി. ടാര്‍പോളിന്‍ കൊണ്ട് ആകെ മൊത്തം മൂടിയാല്‍ ടെന്റ് കമ്പ്ലീറ്റ്. ഞങ്ങളുടെ ഉയരത്തിന്റെ പകുതി മതി ഉയരം. എന്നാല്‍ സുഖമായി ഇരിയ്ക്കാം. ആകെ ഒരു അഞ്ചടി വീതിയും നീളവുമായാല്‍ സുഖമായി കിടക്കാം. അങ്ങനെ പ്ലാന്‍ റെഡി.
അടുക്കളയില്‍ കയറി ആരും കാണാതെ വെട്ടുകത്തിയും ഇസ്കിക്കൊണ്ട് ഇറങ്ങി രണ്ടു പേരും. ഒരു രണ്ടിഞ്ചോളം വണ്ണം വരുന്ന നാലഞ്ചു മുട്ടന്‍ ശീമക്കൊന്നകള്‍ മരിച്ചുവീണു. ചില്ലകളൊക്കെ വെട്ടിയൊതുക്കി അളവനുസരിച്ച് മുറിച്ചെടുത്തു. വേലികെട്ടാന്‍ വേണ്ടി കൊണ്ടുവെച്ചിരുന്ന വേലിക്കമ്പി ചുരുട്ടി വെച്ചിരുന്നത് അതേപോലെ എടുത്തു രണ്ടു പേരും ഇറങ്ങി. സ്ഥലത്തെത്തി വേണ്ടപോലെ കെട്ടിയുറപ്പിച്ചു മണ്ണില്‍ കുത്തി നാട്ടി വെച്ചു. ചെറുതായി ഒന്ന് ബലം പ്രയോഗിച്ചു നോക്കി… കുഴപ്പമില്ല… ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നില്ല സംഭവം. ഹരി ഉടനെ ഓടിപ്പോയി തട്ടിന്‍പുറത്ത് നിന്ന് ടാര്‍പോളിന്‍ കൊണ്ട് വന്നു. മേലെ വിരിച്ചു മൂടി. സംഗതി കൊള്ളാം.
അകത്തു കയറി… വലിയ സുഖം തോന്നിയില്ല. ഒന്നാമത് ടാര്‍പോളിന്‍ കുറെനാളായി കെട്ടിപ്പൊതിഞ്ഞു വെച്ചിരുന്നതുകൊണ്ട് വല്ലാത്തൊരു മണം. പിന്നെ വെറും നിലത്തു എങ്ങനെ കിടക്കും? അടുപ്പ് എങ്ങനെ ഉണ്ടാക്കും? അവസാനം, കിടക്കാന്‍ രണ്ടു ചാക്കുകള്‍ മതി എന്നുവെച്ചു. ഞങ്ങള്‍ കാട്ടില്‍ ക്യംപിങ്ങല്ലേ… വല്യേ ധാരാളിത്തം പറ്റില്ലല്ലോ. അടുപ്പിനു മൂന്നു കല്ലുകള്‍ സംഘടിപ്പിച്ചു അകത്തെത്തിച്ചു. സൊ ഫാര്‍ സൊ ഗുഡ്… അപ്പോഴാണ് വേറൊരു പ്രശ്നം…
മഴ പെയ്താലോ? മുകളില്‍ ടാര്‍പോളിന്‍ ഉണ്ട്. അതിന്റെ അറ്റങ്ങള്‍ നിലത്തു മുട്ടി ഇഴഞ്ഞു കിടപ്പുണ്ട്… പക്ഷെ തിരഞ്ഞെടുത്ത സ്ഥലത്തിന്റെ കിടപ്പ് ഒരു വശത്തേയ്ക്ക് ചെരിഞ്ഞാണ്. ഞങ്ങളുടെ ക്യാമ്പിന്റെ മുന്‍വശം താഴ്ന്ന വശത്തും… ക്യാമ്പിന്റെ പിന്നില്‍ നിന്നും വരുന്ന വെള്ളം ഒഴുക്കി ആ കുഴിയിലേയ്ക്ക് പോകുന്നതിനു മുന്‍പ് ടെന്റിന്റെ അകത്തേക്ക് വരും എന്ന് ഉറപ്പ്… തീയും കിടപ്പും എല്ലാം വെള്ളത്തിലാവും അപ്പോള്‍… രണ്ടു പേരും തല പുകഞ്ഞാലോചന തന്നെ… അവസാനം ഹരിയ്ക്കു ബള്‍ബ് കത്തി. ടെന്റിന്റെ പിന്നിലായി റെന്റിനെ ചുറ്റിക്കൊണ്ട് ഒരു ചെറിയ ചാല് കോരുക. വെള്ളം ഒഴുകിവരുന്നത് ചാലുവഴി രണ്ടു വശത്തേയ്ക്കും പൊക്കോളും… ഭീകരന്റെ ബുദ്ധി സമ്മതിയ്ക്കണം. അതും ഉണ്ടാക്കി. നിലത്തു വീണു കിടക്കുന്ന ടാര്‍പോളിന്റെ നാല് വശത്തും വലിയ കല്ലുകള്‍ വെച്ചു… കാറ്റില്‍ പറന്ന് പോകരുതല്ലോ.
ഹാവൂ… അങ്ങനെ എല്ലാം റെഡി… ഇനി, ചാക്കുകള്‍, ക്യാമ്പ് ഫയറിനുള്ള സാധനങ്ങള്‍, അത്യാവശ്യം ചുട്ടു തിന്നാനും വേവിച്ചു തിന്നാനും ഉള്ള സാധനങ്ങള്‍ എന്നിവ സംഘടിപ്പിക്കണം…
* — * — *
ആദ്യം ചാക്കുകള്‍. രണ്ടു പേര്‍ക്ക് കിടക്കാന്‍ രണ്ടെണ്ണം മതി. പക്ഷെ ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് മൂന്നെണ്ണം എടുക്കാന്‍ തീരുമാനിച്ചു. പാടത്ത് വളമിടാന്‍ യൂറിയ, ഫാക്ടംഫോസ് ഇത്യാദി ബൂസ്റ്റുകള്‍ വാങ്ങിക്കൊണ്ടു വന്ന നിരവധി ചാക്കുകള്‍ കളപ്പുരയില്‍ കിടപ്പുണ്ട്. തൊഴുത്തിന്റെ ഒപ്പമുള്ള വിറകുപുരയില്‍ ഇഷ്ടം പോലെ വിറകും ഉണ്ട്. അധികം വലുപ്പം ഉള്ള വിറകു വേണ്ട എന്ന് തീരുമാനിച്ചു. മൂന്നാലുമാസം മുന്‍പ് രോഗം വന്നു വെട്ടിക്കളഞ്ഞ കശുമാവിന്റെ ഇടത്തരം വലിപ്പമുള്ള നാലഞ്ചു വിറകും, നാലഞ്ചു ഉണങ്ങിയ തെങ്ങിന്‍ മടലും, ആദ്യം തീ പിടിപ്പിയ്ക്കാന്‍ ഒരിത്തിരി ഉണങ്ങിയ ഓലയും വേണം. രണ്ടാള്‍ രണ്ടു വഴിയായി പിരിഞ്ഞു ഇതെല്ലാം പ്ലാന്‍ പോലെ അടിച്ചു മാറ്റി ടെന്റില്‍ എത്തിച്ചു. ഹരി ഇതിന്റെ ഇടയില്‍ അമ്മൂമ്മയുടെ മുന്നില്‍ ചെന്ന് പെട്ടു ചാക്കും കൊണ്ട്… “ഞങ്ങള്‍ക്ക് കളിയ്ക്കാനാ അമ്മൂമ്മേ… ഇപ്പൊ തിരിച്ചു കൊണ്ടരാം ട്ടാ” എന്നോ മറ്റോ ഡയലോഗ് അടിച്ചു രക്ഷപ്പെട്ടു എന്ന് പിന്നെ അറിഞ്ഞു… പാവം അമ്മൂമ്മ.
ലവന്‍ അതൊക്കെ ടെന്റില്‍ ശെരിപ്പെടുത്തുമ്പോള്‍ ഞാന്‍ കലവറയില്‍ കാലുകുത്തി… പുസ്തകത്തില്‍ കണ്ടത് ആ കുട്ട്യോള്‍ മീനൊക്കെ പിടിച്ചു ചുടുന്നതാണ്… രാത്രിയില്‍ ആ സ്ഥലത്ത് മീന്‍ പിടിക്കാന്‍ പോയിട്ട് ഒന്നിന് പോകാന്‍ വരെ പുറത്തിറങ്ങാന്‍ പേടിക്കണം… അതുകൊണ്ട് നാലഞ്ചു ഒണക്കമീന്‍ അടിച്ചുമാറ്റി – മാന്തളും മുള്ളനും. ചക്കക്കുരു ഇഷ്ടം പോലെ കൂട്ടിയിട്ടിരിക്കുന്നു… ചുട്ടു തിന്നാന്‍ ബെസ്റ്റ് സാധനം… സ്നാക്സ് ആയിട്ടിരിയ്ക്കട്ടെ എന്ന് കരുതി കുറച്ചെടുത്തു. മരച്ചീനി ഇഷ്ടം പോലെ സ്റ്റോക്ക് ഉണ്ട്… പുഴുങ്ങി തിന്നാം സുഖമായിട്ട്. ഒരു രണ്ടു മുഴുത്ത കഷ്ണങ്ങള്‍ എടുത്തുപിടിച്ചു. രണ്ടു ഏത്തപ്പഴവും പിടിച്ചു. ഇനി ഒരു പാത്രവും തീപ്പെട്ടിയും വേണം. അടുക്കളയില്‍ കയറി അലമാരിയുടെ മുകളില്‍ വെച്ചിരുന്ന, പണ്ട് ചായ ഉണ്ടാക്കിയിരുന്ന പിടി പോയ ഒരു പാത്രമെടുത്തു. തീപ്പെട്ടിയും. എല്ലാം കൂടെ റേഷന്‍ വാങ്ങാന്‍ ഉപയോഗിക്കുന്ന ഒരു സഞ്ചിയിലിട്ടു കുതികുതിച്ചു…
എവറെഡി… ഇനി രാത്രിയായാല്‍ മതി.
സന്ധ്യക്ക് രണ്ടും കുളിച്ചു സുന്ദരക്കുട്ടപ്പന്മാരായി, പഞ്ചപാവങ്ങളെപ്പോലെ അമ്മൂമ്മയെ സോപ്പിട്ടു തട്ടിന്‍ പുറത്തു കിടന്നോളാനുള്ള പെര്‍മിഷനും വാങ്ങി. അത്താഴം കുറച്ചേ കഴിയ്ക്കാവൂ എന്ന് നേരത്തെ തീരുമാനിച്ചതാണ്… പുസ്തകത്തിലെ കുട്ടികള്‍ക്ക് കഴിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ… ഒരു വഴിപാടു പോലെ അത്താഴം കഴിച്ചു ഞങ്ങള്‍ തട്ടിന്‍പുറത്ത് കയറി. പുറത്തു നല്ല ഇരുട്ട് അപ്പോള്‍ത്തന്നെ… ഭാഗ്യത്തിന് ഹരിയുടെ കയ്യില്‍ ഒരു പെന്‍ടോര്‍ച്ച് ഉണ്ട്. അവന്റെ ഏട്ടന്റെ അടിച്ചു മാറ്റി കൊണ്ട് നടക്കുന്നതാണ്. പറയാന്‍ മറന്നു… ഹരി ഒരു മുടിഞ്ഞ ഷേര്‍ലോക്ക് ഹോംസ് ആരാധകനാണ്… എവിടെ പോകുമ്പോഴും ആ ഒരു പെന്‍ ടോര്‍ച്ച്, പൂരത്തിന് വാങ്ങിയ ലെന്‍സ്, കുറെ ചരട്, വിഷുവിനു കത്തിച്ച കമ്പിതിരിയുടെ കമ്പി… ഇത്തരം വസ്തുക്കള്‍ ഒരു പഴയ ഇന്‍സ്ട്രുമെന്റ് ബോക്സില്‍ കാണും കൂടെ. തൊഴുത്തില്‍ വരെ ലെന്‍സ് കൊണ്ട് നടക്കുന്നതുകാണാം ഇടയ്ക്ക്… ഞാനും ഒരു ഹോംസ് ആരാധകനായിരുന്നെങ്കിലും അത്രയും തലയ്ക്കു പിടിച്ച ആരാധന ഇല്ലായിരുന്നു. എന്റെ കയ്യില്‍ സന്തത സഹചാരിയായി ഒരു ചെറിയ പോക്കെറ്റ് റേഡിയോ മാത്രം… അച്ഛന്റേം അമ്മേടേം കാലു പിടിച്ചു വാശി പിടിച്ചു വാങ്ങിയത്. ഈ വസ്തുക്കളും നാലഞ്ചു ചിത്രകഥകളും കൊണ്ടുപോകാന്‍ എടുത്തു വെച്ചു… വീട്ടില്‍ ആകെയുള്ളത് അപ്പൂപ്പനും അമ്മൂമ്മയും മാത്രം. രണ്ടു പേരും ഒരു ഏഴര-എട്ടുമണിയാകുമ്പോള്‍ കിടക്കും. ഒരു എട്ടരയാകുമ്പോള്‍ പുറത്തു കടക്കാം എന്ന പ്ലാനോടെ ഞങ്ങള്‍ പുസ്തകങ്ങളില്‍ തലയും പൂഴ്ത്തി കുത്തിയിരുന്നു…
* — * — *
സമയം എട്ടര കഴിഞ്ഞു. വീടുറങ്ങി. രണ്ടുപേരും എണീറ്റ് പുസ്തകങ്ങളും എന്റെ റേഡിയോയും ഹരിയുടെ ഇന്‍സ്ട്രുമെന്റ് ബോക്സും അവരവരുടെ ട്രൌസറില്‍ തിരുകി. ഷര്‍ട്ട് ഇടാം എന്ന് തീരുമാനിച്ചിരുന്നു. അതുമിട്ടിട്ട് പതിയെ വാതില്‍ തുറന്നു പുറത്തിറങ്ങി. പുറത്തു ഓണനിലാവു പെയ്യുന്നു… ചെറിയ കാറ്റ് വീശുന്നു. മഴക്കോളില്ലേയില്ല. നന്നായി.
“നീ ആദ്യം ഇറങ്ങെടാ” ഹരി എന്റെ പുറത്തു തള്ളിക്കൊണ്ട് ശബ്ദമമര്‍ത്തിപ്പറഞ്ഞു .
ദുഷ്ടന്‍… ഞാന്‍ ഇതുവരെ ചെയ്യാത്ത കാര്യമാണ്… എനിയ്ക്ക് ധൈര്യംകൊണ്ടാണെന്നു തോന്നുന്നു, ചെറിയൊരു വിറയല്‍… എന്നാലും രണ്ടും കല്‍പ്പിച്ചു പതുക്കെ വരാന്തയുടെ മൂലയില്‍ക്കൂടെ അപ്പുറത്തേയ്ക്ക് കാലെടുത്തു വെച്ചു ആദ്യത്തെ കല്ലിലേയ്ക്ക്… പില്‍ക്കാലത്ത് ഒരു ഹോബിയായി കാടും മലയും കയറുമ്പോള്‍ അറിയേണ്ട ആദ്യപാഠമായ ഒന്ന് ഞാന്‍ അന്ന് അനുഭവത്തിലൂടെ പഠിച്ചു: നമുക്കാകെ രണ്ടു കയ്യും രണ്ടു കാലുമേ ഒള്ളൂ. ഇതില്‍ മൂന്നെണ്ണം എവിടെയെങ്കിലും ബലമായി ഉറപ്പിച്ചിട്ടെ നാലാമത്തേത് പിടി വിടാവോള്ളൂ… ആ രാത്രിയില്‍, ആ ഓണനിലാവില്‍, മുഖത്തും കയ്യിലും കാല്‍മുട്ടിലും തുടയിലും അത്യാവശ്യം ഉരഞ്ഞ മുറിവുകളോടെ എങ്ങനെയോ ഞാന്‍ താഴെയെത്തി. കുരങ്ങന്റെ ജന്മമായ ഹരിയാവട്ടെ ഞാന്‍ ചെയ്യുന്നതൊക്കെ കണ്ടു പഠിച്ചു വലിയ കുഴപ്പമൊന്നും കൂടാതെ താഴെ വന്നു. എനിയ്ക്കാകെ നീറിയിട്ടു വയ്യ… അന്നത്തെ ശീലമനുസരിച്ചു കുറച്ചു ഉമിനീര് നാവില്‍ നിന്നും തൊട്ടെടുത്തു തേച്ചു മുറിവുകളില്‍ എല്ലാം. ഇത്തിരി കഴിഞ്ഞപ്പോള്‍ നീറ്റല്‍ കുറഞ്ഞു ഇല്ലാതെയായിതുടങ്ങി. ചെറിയൊരു സമാധാനം.
ജൂനിയര്‍ ഹോംസിന്റെ ടോര്‍ച് വേണ്ടി വന്നില്ല… പകല്‍ പോലെ നിലാവുണ്ട്. ഞങ്ങള്‍ നടന്നു തുടങ്ങി… പക്ഷെ… വീടിന്റെ ഇത്തിരി ദൂരെ ആയപ്പോഴേക്കും വന്‍ മരങ്ങള്‍ നിലാവിന് കുടപിടിച്ചുതുടങ്ങി… നിലത്ത് ഇലകളിലൂടെ അരിച്ചുവീഴുന്ന നിലാവിന്റെ വിചിത്രമായ ചിത്രങ്ങള്‍ മാത്രം…
“പാമ്പുള്ള സ്ഥലമാടാ… ടോര്‍ച് എടുക്കെടാ പോത്തേ…” ഞാന്‍.
“ഇത്തിരി കൂടെ കഴിയട്ടെ… വീട്ടില്‍ അപ്പൂപ്പനോ അമ്മൂമ്മയോ ഉറങ്ങിയിട്ടില്ലെങ്കില്‍ വെളിച്ചം കണ്ടാലോ…”
അങ്ങിനെ തപ്പിയും തടഞ്ഞും ഞങ്ങള്‍ ഞങ്ങളുടെ ക്യാമ്പിംഗ് സ്ഥലത്തെത്തി. അതോടെ സത്യമായിട്ടും ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങി ഞങ്ങള്‍ ഏതോ കഥയിലെ കഥാപാത്രങ്ങള്‍ ആണെന്ന്. കാരണം… ഒന്നാമത് കുട്ടിപ്രായം. രാത്രി. ആദ്യത്തെ അനുഭവമാണ് രാത്രി മുതിര്‍ന്നവര്‍ കൂടെയില്ലാതെ ഒറ്റയ്ക്ക് ഈ സമയത്ത് ഇങ്ങനെ ഒരു സ്ഥലത്ത്… പക്ഷെ അതോടൊപ്പം സാഹസികതയുടെ ഒരു ത്രില്‍… അത് ഞങ്ങള്‍ അന്ന് ശരിയ്ക്കും അനുഭവിച്ചിരുന്നു ആ സമയത്ത്. ഞങ്ങള്‍ ടെന്റിനകതെയ്ക്ക് കുനിഞ്ഞു കയറി… അപ്പോഴാണ് ആദ്യത്തെ പ്രശ്നം… ഒരടിയോളം പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലാണ് ആ ചെറിയ “തടാകത്തിന്റെ” ചുറ്റും… ടെന്റിന്റെ ഉള്ളിലും പുല്ലാണ് നിറയെ… വല്ല ജീവികളും അതിന്റെ ഇടയിലുണ്ടാകുമോ… അതൊക്കെ നേരത്തെ പറിച്ചു കളയെണ്ടതായിരുന്നു… ഇനിയിപ്പോള്‍ അതിന്റെ മേലെ ചാക്ക് വിരിച്ചു ചവിട്ടി ഒതുക്കുക തന്നെ… അതുതന്നെ ചെയ്തു. എന്നിട്ട് ആ ചതഞ്ഞ പുല്ലിന്റെ മേലെ വിരിച്ച ചാക്കിന്റെ മേലെ ഇരുന്നപ്പോള്‍ പട്ടുമെത്തയില്‍ ഇരിക്കുന്ന സുഖം… ഇനി വേണം ക്യാമ്പ് ഫയര്‍…
അടുപ്പ് ടെന്റിന്റെ അകത്തു വേണോ പുറത്തു വേണോ എന്നതായിരുന്നു ആദ്യത്തെ സംശയം. മഴയെപ്പറ്റി ഓര്‍മ്മ വന്നപ്പോള്‍ അകത്തു മതി എന്ന് തീരുമാനിച്ചു.
“എടാ… സൂക്ഷിക്കണം… തീ അധികമായാല്‍ ചിലപ്പോ ക്യാമ്പ് മൊത്തത്തില്‍ കത്തും…” ഞാന്‍.
“ഇത്തിരി ഇത്തിരി വിറകു വെച്ചാല്‍ മതി. ഓലയെടുക്ക്… നമുക്ക് തുടങ്ങാം…” ഹരി.
“ആദ്യം ആ ചാക്കുകള്‍ ഒന്ന് ഒരറ്റത്ത് മടക്കി വെച്ചു അടുപ്പിനു ഇത്തിരി സ്ഥലം ഉണ്ടാക്ക്… എന്നിട്ട് ഇത്തിരി സ്ഥലത്തെ പുല്ലു പറിച്ചു കളഞ്ഞു ഒരു ചെറിയ കുഴിയാക്ക്. എന്നിട്ട് അടുപ്പിന്റെ കല്ലുകള്‍ അതിന്റെ ചുറ്റും വെയ്ക്കണം…” ഞാന്‍.
“നീയിതൊക്കെ എവിടുന്ന് പഠിച്ചു…?” ഹരിയുടെ ചോദ്യം.
“നീ ഇതുവരെ ശബരിമലയ്ക്ക് പോയിട്ടില്ലല്ലേ… നാട്ടിലെ ഒരു അപ്പൂപ്പനായിരുന്നു ഞങ്ങടെ ഗുരുസ്വാമി… അങ്ങേരു ശബരിമലയ്ക്ക് പോവുമ്പോ ഒരു ഹോട്ടലിലും കയറില്ല. വഴിയരികില്‍ തനിയെ അടുപ്പ് കൂട്ടി വെച്ചുണ്ടാക്കിയെ പോകൂ…”
“നന്നായി… അപ്പൊ അടുപ്പ് ശെരിയാക്കിക്കോ…”
“നീയെന്തു ചെയ്യാന്‍ പോകുന്നു?” ഞാന്‍
“ഞാന്‍ ഈ മരച്ചീനി കഷ്ണമാക്കട്ടെ… വേവിക്കണ്ടേ…”
ഇത്രയും പറഞ്ഞു അവന്‍ തന്റെ ഹോംസിന്റെ പെട്ടി തുറന്നു ഒരു കൊച്ചു പിച്ചാത്തി പുറത്തെടുത്തു… രണ്ടു ദിവസം മുന്‍പ് അപ്പൂപ്പന്‍ തന്റെ മുറുക്കാന്‍ ചെല്ലത്തില്‍ അടക്ക വെട്ടുന്ന കത്തി കാണാനില്ല എന്ന് പറഞ്ഞു തപ്പി നടന്നതിന്റെ രഹസ്യം മനസ്സിലായി… എന്തെങ്കിലും ആവട്ടെ, അവന്‍ പണി തുടങ്ങി. ഞാന്‍ അടുപ്പ് കൂട്ടുന്നതിന്റെയും.
അല്പസമയത്തിനകം ഒരു വിധം അടുപ്പ് റെഡി ആയി. മരച്ചീനിയുടെ തൊലി കളയാന്‍ ഹരി അവിടെ കിടന്നു അര്‍ജുന അവാര്‍ഡ് കിട്ടാനുള്ള പ്രകടനം നടത്തുകയാണ്. ഇരിയ്ക്കുന്ന ചാക്കിലെയ്ക്കാ എല്ലാം മുറിച്ചു ഇടുന്നത്… എന്തെങ്കിലും ആവട്ടെ. തീ കത്തിക്കണം ഇനി… നേരത്തെ കൊണ്ടുവന്ന തെങ്ങിന്റെ ഒണക്ക ഓലയെടുത്തു മടക്കി വീട്ടില്‍ കണ്ടിരുന്ന പോലെ അടിയില്‍ തീപ്പെട്ടിക്കൊള്ളി കത്തിച്ചു പിടിച്ചു. കത്തി. ഓലയല്ല… തീപ്പെട്ടിക്കൊള്ളി മാത്രം. ഓല അതേപോലെ നില്‍ക്കുന്നു. പിന്നെയും പിന്നെയും… അവസാനം തീപ്പെട്ടി തീരാറായപ്പോള്‍ ഒരുവിധം തീ പിടിച്ചു ഓലയ്ക്ക്. ഉടനെ രണ്ടു കശുമാവിന്റെ വിറകെടുത്തു എല്ലാം കൂടെ അടുപ്പില്‍ വെച്ചു ഒരുവിധം ക്യാമ്പ് ഫയര്‍ തയാറായി… ഹരിയും മരച്ചീനിയും തമ്മിലുള്ള ഗുസ്തി പിടുത്തവും തീരാറായി.
തീ ഒരുവിധം നന്നായി പിടിച്ചിട്ടുണ്ട്. അധികം ആളിക്കത്താതെ വിറക് അഡ്ജസ്റ്റ് ചെയ്തുകൊണ്ടിരുന്നു ഞാന്‍.
“എടാ… കഴിഞ്ഞാ…” ഞാന്‍ ചോദിച്ചു.
“എന്റെ ഇടപാട് കഴിഞ്ഞു…” ഹരി.
“എന്നാ കൊണ്ടുവാ പുഴുങ്ങണ്ടേ… ആ അലുമിനിയം കലമെടുക്ക്…”
ഒരേ സമയമാണ് രണ്ടു പേര്‍ക്കും മനസ്സില്‍ അമിട്ട് പൊട്ടിയത്…
പുഴുങ്ങാന്‍ വെള്ളം വേണ്ടേ…
അതെടുക്കാന്‍ മറന്നു…. ഇനി വീട്ടില്‍ പോയി കിണറ്റില്‍ നിന്നും വെള്ളമെടുക്കുന്ന കാര്യം ആലോചിക്കാനേ വയ്യ.
അങ്ങോട്ടും ഇങ്ങോട്ടും തുറിപ്പിച്ചു നോക്കല്‍ ചടങ്ങ് കഴിഞ്ഞപ്പോള്‍ ഹരി ഒരു ഉപായം കണ്ടെത്തി: “ഡാ നമുക്കാ വെള്ളം നിറഞ്ഞു കിടക്കുന്ന കുഴീന്ന് വെള്ളം എടുക്കാം…”
“എന്നിട്ട് നാളെ നമ്മളെ രണ്ടു പേരെയും ശാന്തി ഹോസ്പിറ്റലിലെയ്ക്ക് എടുക്കാം… എടാ… വെള്ളം വറ്റിക്കിടക്കുമ്പോള്‍ ആ കുഴി പട്ടി പെറ്റുകിടക്കുന്ന സ്ഥലമാടാ പിശാശേ…”
“അപ്പൊ ഇനി ഈ മരച്ചീനി…” മരച്ചീനിപ്രിയനായ ഹരിയുടെ നിരാശ എന്നെ ഒന്നൂടെ ആലോചിക്കാന്‍ പ്രേരിപ്പിച്ചു എന്നതാണ് സത്യം… ഞാന്‍ പറഞ്ഞു:
“സാരമില്ലെടാ… നമുക്കാ വെള്ളം തന്നെ എടുക്കാം…” ഇപ്പൊ അടുത്തുള്ള പാടത്തേയ്ക്ക് വെള്ളം ഒഴുക്കുള്ളതല്ലേ… ഒഴുക്കുള്ള വെള്ളം പൊതുവേ ശുദ്ധമായിരിയ്ക്കും എന്നല്ലേ നമ്മള്‍ ടാര്‍സനില്‍ ഒക്കെ വായിച്ചിരിക്കുന്നെ… പോരെങ്കില്‍ തിളപ്പിയ്ക്കാം വെള്ളം ആദ്യം.”
കേട്ട പാതി കേള്‍ക്കാത്ത പാതി ഹരി കലവും കൊണ്ട് ഓടി… മുട്ടൊപ്പം നില്‍ക്കുന്ന പുല്ലുകള്‍ വകഞ്ഞു മാറ്റിക്കൊണ്ട്…
അടുത്ത് വെള്ളം നിറഞ്ഞു നില്‍ക്കുന്ന വിശാലമായ കുഴിയിലേയ്ക്ക് വരുന്ന ചാലില്‍ നിന്നും ഹരി പാത്രത്തില്‍ വെള്ളം നിറച്ചുകൊണ്ടുവന്നു. അടുക്കളക്കാര്യത്തില്‍ ആളൊരു മണ്ണുണ്ണിയാണെന്ന് നേരത്തെ അറിയാമായിരുന്നതുകൊണ്ട് മുഴുവന്‍ നിറച്ച പാത്രം പകുതി ഒഴിച്ച് കളഞ്ഞ് ഞാന്‍ അടുപ്പത്തുവെച്ചു. ഒരു അര മണിക്കൂറിനകം വെള്ളം തിളയ്ക്കുകയും മരച്ചീനിയുടെ കഷ്ണങ്ങള്‍ അതിലാവുകയും ചെയ്തു. ഉപ്പെവിടെ? മുളകെവിടെ? ഇത്തരം ചോദ്യങ്ങള്‍ മനസ്സില്‍ വന്നെങ്കിലും രണ്ടുപേരും മറന്നുപോയതിനാല്‍ ഞാന്‍ മിണ്ടാതിരുന്നു. ഉണക്ക മീന്‍ ഉണ്ടല്ലോ… നല്ല ഉപ്പായിരിക്കും. അതൊക്കെ മതി ഈ കാട്ടിലെ ക്യാംപിങ്ങിന് എന്ന് മനസ്സില്‍ പറഞ്ഞു ഞങ്ങള്‍ ഉണ്ടാക്കിയ ചെറിയ തീയില്‍ മരച്ചീനി വേവാനായി കാത്തിരുന്നു.
ഇതിനിടയില്‍ ഹരി എന്റെ റേഡിയോ എടുത്തു പണി തുടങ്ങി. ജീവിതത്തിലെ ചില നിമിഷങ്ങളില്‍ ദൈവം കൂടെയുണ്ട് എന്ന് തോന്നിപ്പിക്കുന്ന അനുഭവങ്ങള്‍ നല്ല മനുഷ്യര്‍ക്ക് ഉണ്ടായിട്ടുണ്ടാവും… അതുപോലെ… ആ സമയത്ത് ആകാശവാണിയില്‍ എന്റെ അന്നത്തെയും (ഇന്നത്തെയും) ഏറ്റവും പ്രിയ ഗാനങ്ങളില്‍ ഒന്നായ സലില്‍ദായുടെ “കളകളം… കായലോളങ്ങള്‍ പാടും കഥകള്‍…” എന്ന പാട്ട്… ആ രാത്രിയില്‍, ആ ടെന്റില്‍, ആ പുല്ലില്‍ വിരിച്ച ചാക്കില്‍ ഇരുന്നുകൊണ്ട്… ചുറ്റും ഒന്നൊന്നരയടിയോളം ഉയരമുള്ള പുല്ല്ലിന്റെ ഇടയിലൂടെ കാണുന്ന ഞങ്ങളുടെ കൊച്ചു തടാകത്തില്‍ ചന്ദ്രന്റെ പ്രതിബിംബം… ഇടയ്ക്കിടെ ശ്വാസമെടുക്കാന്‍ വരുന്ന കൊച്ചു മീനുകളുടെ ഉമ്മകള്‍ കൊണ്ട് പുളകം കൊള്ളുകയാണോ എന്ന് തോന്നുമാറ് ആ കൊച്ചു ജലപ്പരപ്പില്‍ വിരിയുന്ന ഓളങ്ങള്‍…പുല്ലില്‍ വന്നിരിക്കുന്ന പ്രാണികളുടെ സഞ്ചാരം കൊണ്ട് വളയുകയും കുനിയുകയും ചെയ്യുന്ന പുല്‍ക്കൊടികള്‍… ചുറ്റുമുള്ള ഞാവല്‍മരങ്ങളുടെ കാറ്റിലാടുന്ന ഇലകള്‍ക്കിടയിലൂടെ ചന്ദ്രിക വെള്ളത്തില്‍ സൃഷ്ടിക്കുന്ന അദ്ഭുതകരമായ ദൃശ്യവിന്യാസങ്ങള്‍… കത്തുന്ന തീ… ഉപ്പില്ലാതെ വേകുന്ന മരച്ചീനിയുടെ മണം… പുല്ലിന്മേല്‍ വിരിച്ചിട്ട ചാക്കിന്റെ പതുപതുപ്പ്… പ്രിയ സുഹൃത്തിന്റെ സാന്നിധ്യം… ഇതൊക്കെക്കൊണ്ട് എന്നെന്നേയ്ക്കുമായി എന്റെ കണ്ണടയും വരെ എനിയ്ക്ക് പ്രിയപ്പെട്ട ഒരു ഗാനമായി മാറി അത്… “കളകളം… കായലോളങ്ങള്‍ പാടും കഥകള്‍…”
അങ്ങനെ മരച്ചീനി വെന്തു. ഇനി ചക്കക്കുരുവും ഒണക്കമീനും ഉണ്ട്. അടുപ്പില്‍ കനലുകളായി. ഹരിയുടെ ഇന്‍സ്ട്രുമെന്റ് ബോക്സിലെ ഒരു കമ്പി വളച്ചെടുത്തു ഓരോന്നോരോന്നായി ഒണക്കമാന്തളും മുള്ളനും കനലിന്റെ പുറത്തു മറിച്ചിട്ട് വേവിച്ചെടുത്തു. പിന്നെ ചക്കക്കുരു നാലും അഞ്ചും ഒരുമിച്ചു അതെ കനലില്‍ ചുട്ടു പല തവണയായി. ഒരു പത്തു മണിയായപ്പോള്‍ വിഭവങ്ങള്‍ എല്ലാം റെഡി. അത്താഴം നല്ലോണം കഴിക്കാത്തതിനാല്‍ രണ്ടുപേര്‍ക്കും നല്ല വിശപ്പും ഉണ്ട്. വിളമ്പാന്‍ പാത്രമൊന്നുമില്ല. കലത്തില്‍ കയ്യിട്ടു വാരി കപ്പയും… ചാക്കില്‍ നിരത്തിയ മീനും… ചുട്ട ചക്കക്കുരുവും വയറ്റിലായി. കുറെയൊക്കെ കരിഞ്ഞു… കുറെയൊക്കെ വേണ്ടത്ര വെന്തില്ല…. പക്ഷെ… സത്യം പറയാം… അതിനു ശേഷം ഞങ്ങള്‍ രണ്ടു പേരും ഒരുപാട് രാജ്യങ്ങള്‍ കണ്ടു… ഒരുപാട് തരത്തിലുള്ള ഭക്ഷണം കഴിച്ചു… പക്ഷെ… അന്ന് വായിലിട്ട ആ പുഴുങ്ങിയ മരച്ചീനിയുടെയും ചുട്ട ഒണക്കമീനിന്റെയും സ്വാദ് പിന്നെ ഞങ്ങള്‍ക്ക് ഒരിടത്തുനിന്നും കിട്ടിയിട്ടില്ല…
കഥയിലേയ്ക്ക് തിരിച്ചു വരാം… കഴിച്ചു വാ കഴുകി ഞങ്ങള്‍ കിടക്കാനുള്ള പുറപ്പാടായി… ചാക്കില്‍ കിടന്നപ്പോള്‍ ആണ് അതില്‍ നിന്നും വരുന്ന യൂറിയായുടെയും മറ്റും മണം മൂക്കില്‍ തുളച്ചു കയറിയത്… അതുകൊണ്ട് മലര്‍ന്നു കിടന്നു. രണ്ടുപേരുടെയും തല ഭാഗത്താണ് അടുപ്പ് കൂട്ടിയതുള്ളത്. കയ്യില്‍ കൊണ്ട് വന്ന പുസ്തകങ്ങള്‍ ഓരോന്നായി വായന തുടങ്ങി… തീക്കനലുകളുടെ മങ്ങിയ വെളിച്ചത്തില്‍ ആ കൂരിരുട്ടില്‍ വായന സുഖമായിരുന്നു. ചുറ്റുപാടും പ്രകൃതിയുടെ നിര്‍വചിക്കാനാവാത്ത ഒരു മണം. ഓണക്കാലമായതിനാല്‍ ആവാം പുല്ലിനും മണ്ണിനും വരെ മണമുണ്ടായിരുന്നു അന്നൊക്കെ… ചീവീടുകളുടെയും പേരറിയാത്ത മറ്റു പല ജീവികളുടെയും ശബ്ദങ്ങളും…
“എടാ… ഉറക്കം വരുന്നുണ്ടോ?” ഹരിയുടെ ചോദ്യം
“ചെറുതായിട്ട്”
“നമ്മുടെ അയലോക്കത്ത് ഒരുത്തി വന്നിട്ടുണ്ടല്ലോ ഓണത്തിന്… എന്താ അവള്‍ടെ പേര്..?”
“ആ എനിക്കറിയില്ല…”
“എന്തോ… എനിക്കവളെ ഓര്‍മ്മ വരുന്നു ഇപ്പൊ…”
“നന്നായി… ഓര്‍മിച്ചു കിടന്നോ… കൂടുതല്‍ ഒന്നും വേണ്ട കേട്ടോ. എനിയ്ക്ക് ഒറക്കം വരുന്നുണ്ട്…”
“പോടാ തെണ്ടീ… നീ നിന്റെ കൂടെ പഠിക്കുന്ന ആ ——യെ ഓര്‍ത്തു കിടക്കുകയാണെന്ന് എനിയ്ക്കറിയാമെടാ പുല്ലേ..”
“പോടാ പോടാ…”
“#$%#%#$%”
അങ്ങനെയങ്ങനെ രണ്ടുപേരും ഉറക്കമായി.
പക്ഷെ… രാത്രി ഒരു രണ്ടു മണിയായപ്പോള്‍ ഹരി എന്നെ തട്ടി വിളിച്ചു… കണ്ണ് തുറന്നു നോക്കിയപ്പോള്‍ അവന്റെ മുഖം എന്റെ കണ്മുന്നില്‍ തൊട്ടടുത്ത്. ഒന്നും മിണ്ടരുതെന്ന് ചുണ്ടില്‍ വിരല്‍ വെച്ചു ആംഗ്യം കാണിച്ചു അവന്‍. തീയൊക്കെ കെട്ടിരുന്നു. മൊത്തം ഇരുട്ട്… പക്ഷെ ആരോ എന്തോ നനഞ്ഞ മണ്ണില്‍ കുഴിയ്ക്കുന്ന ശബ്ദം കേള്‍ക്കാം കുറച്ചു ദൂരെ നിന്നും…
ഞെട്ടിപ്പിടിച്ചു ഞാന്‍ എണീറ്റിരുന്നു. ഹരിയെന്നെ സമാധാനിപ്പിക്കാന്‍ എന്നവണ്ണം പുറത്തു കൈ വെച്ചിരുന്നു. ഞങ്ങള്‍ക്ക് മുന്നില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന ആ പരന്ന കുഴിക്കപ്പുറത്തു നിന്നായിരുന്നു ആ ശബ്ദം വന്നിരുന്നത്. ഞങ്ങള്‍ കമന്നു കിടന്നു ഉയര്‍ന്നു നില്‍ക്കുന്ന പുല്ലുകല്‍ക്കിടയിലൂടെ സൂക്ഷിച്ചു നോക്കി. ഒരാള്‍ ഒരു തൂമ്പ പോലത്തെ എന്തോ കൊണ്ട് വെള്ളം നിറഞ്ഞ കുഴിയുടെ അടുത്ത് കുഴിക്കുകയാണ്. പുല്ലും മറ്റു ചെടികളും കാരണം ഞങ്ങളുടെ ടെന്റ് അപ്പുറത്ത് നിന്നും കാണാന്‍ പാടായിരിയ്ക്കും. ആ ധൈര്യത്തോടെ ഞങ്ങള്‍ മിണ്ടാതെ കിടന്നു നോക്കിക്കൊണ്ടിരുന്നു…. ആരാണെടാ ഈ രാത്രിയില്‍ ഞങ്ങളുടെ പുരയിടത്തില്‍ ഈ പരിപാടി ചെയ്യുന്നേ എന്ന ചോദ്യവും മനസ്സിലുണ്ട്. അത്രയും ദൂരെ നിന്ന് നിലാവില്‍ ആളെ മനസ്സിലാവുന്നും ഇല്ല. അമ്മാവന്റെ നാട്ടിലെ എല്ലാവരെയും നമുക്ക് അടുത്ത് പരിചയവും ഇല്ല…
ഇത്തിരി നേരമേ കാത്തിരിക്കേണ്ടി വന്നുള്ളൂ. കാര്യം പിടികിട്ടി. കുഴിക്കുന്നയാല്‍ ഒരു ഒരടി താഴ്ചയില്‍ മണ്ണ് നീക്കിയപ്പോഴെയ്ക്കും ലോഹവും കുപ്പിയും തമ്മില്‍ മുട്ടുന്ന ഒച്ച കേട്ടു. ഉടന്‍ അയാള്‍ തൂമ്പ താഴെ വെച്ച് കൈ കൊണ്ട് മാന്തിതുടങ്ങി. എന്നിട്ട് മൂന്നു നാല് നീണ്ട കുപ്പികള്‍ പുറത്തെടുത്തു. ഉടനെ ഹരി എന്റെ ചെവിയില്‍ മന്ത്രിച്ചു… “എടാ… മിണ്ടാതെ, അനങ്ങാതെ ഇരുന്നോ… ഇത് വാറ്റുചാരായമാ… അവര്‍ അത് മൂക്കാന്‍ വെള്ളത്തില്‍ കുഴിച്ചിടുന്നതാ. അനങ്ങണ്ടാ… നമുക്ക് നോക്കാം ഇയാള്‍ ആരാ എന്താ എവിടുന്നാ എന്ന്…” കുഴിച്ചിരുന്ന അയാള്‍ ഉടുമുണ്ടഴിച്ചു അടിയിലെ നിക്കറിന് ചുറ്റും വളയങ്ങള്‍ പോലെ ഉള്ള ഒരു അരഞ്ഞാണം ഉണ്ടായിരുന്നതില്‍ കുപ്പികള്‍ എല്ലാം കൊരുത്തിട്ടു. മേലെ മുണ്ടും ധരിച്ചു. ഇപ്പോള്‍ കണ്ടാല്‍ കുപ്പികള്‍ അയാളുടെ അരയില്‍ ഉണ്ടെന്നേ പറയില്ല. അയാള്‍ കുഴി മൂടി മേലെ കുറെ വെള്ളം കൈ കൊണ്ട് കോരി ഒഴിച്ചു – ഇപ്പോള്‍ കണ്ടാല്‍ അവിടെ അങ്ങിനെ ഒരു കുഴിക്കല്‍ നടന്നിട്ടുണ്ട് എന്നേ തോന്നാത്ത വിധം കാര്യങ്ങളാക്കി അല്‍പ്പം ആടിയാടി നടക്കാന്‍ തുടങ്ങി. അല്പസ്വല്പം ചാരായം അയാളുടെ ഉള്ളില്‍ ഉണ്ടെന്നു വ്യക്തം. അല്ലെങ്കില്‍ ഞങ്ങളുടെ ടെന്റ് കണ്ടേനെ അയാള്‍.
ഹരി ചോദിച്ചു… “ആരെടാ ഇവന്‍ നമ്മുടെ പുരയിടത്തില്‍ ഇങ്ങനെ ഒരു പരിപാടി ചെയ്യാന്‍…”
എന്റെ മനസ്സിലും അതേ ചോദ്യം… ഞാന്‍ ഒന്നും പറഞ്ഞില്ല… എണീറ്റ് ഹരിയെ കൈ കൊണ്ട് ആംഗ്യം കാട്ടി വിളിച്ചു അയാളുടെ പിന്നാലെ ഇറങ്ങി.
“എടാ ഇത് വേണോ…” ഹരി.
“സൂക്ഷിച്ച്…” ഞാന്‍.
കുറച്ചു ദൂരമേ അയാളുടെ പിന്നാലെ നടക്കേണ്ടി വന്നുള്ളൂ. അപ്പോഴേക്കും ഞങ്ങളുടെ ടെന്റ് പോലെയുള്ള, പക്ഷെ വളരെ പഴക്കമുള്ള ഒരു വീടിനടുത്തെത്തി. അയാള്‍ അതിനകത്ത് കയറി. അകത്തു ഒരു മണ്ണെണ്ണ വിളക്ക് മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. ഞങ്ങള്‍ പതുക്കെ ആ വീടിന്റെ വശത്തുള്ള ജനലില്‍ എത്തി അകത്തേയ്ക്ക് നോക്കി… അവിടെ ഒരു പത്തു പതിനെട്ടു വയസ്സ് വരുന്ന ഒരു ചേച്ചി ഒരു പഴഞ്ചന്‍ പായില്‍ നിലത്ത് ഇരിയ്ക്കുന്നുണ്ടായിരുന്നു. ഒരു പത്തറുപതു വയസ്സ് വരുന്ന ഒരാളും. കുപ്പി കൊണ്ട് വന്നയാള്‍ മറ്റേയാളെ കൈ കാട്ടി വിളിച്ചു നിലത്തു കമത്തി വെച്ചിരുന്ന ഒരു ഗ്ലാസ് എടുത്തു ഒരു ഗ്ലാസ് ഒഴിച്ചു കൊടുക്കുന്നത് കണ്ടു. പത്തു രൂപയുടെ ഒരു നോട്ട് കുറെ തര്‍ക്കത്തിന് ശേഷം കുപ്പി കൊണ്ടുവന്ന ആള്‍ക്ക് കിട്ടുകയും ചെയ്തു. ഗ്ലാസ് വാങ്ങിയ ആള്‍ മൂക്ക് പൊത്തി പിടിച്ചു ഒറ്റ മോന്തലിനു അത് അകത്താക്കി ഗ്ലാസ് നിലത്തിട്ടു രണ്ടു മൂന്നു തവണ ഓക്കാനിച്ചു. എന്നിട്ട് നെഞ്ചും തടവി ആ ചേച്ചിയുടെ അടുത്തേക്ക് ഇടറുന്ന കാല്‍വെപ്പോടെ നടന്നു. അവരുടെ മുന്നില്‍ എത്തിയപ്പോഴേക്കും വായില്‍ തികട്ടി വന്നത് കാര്‍ക്കിച്ചു തുപ്പി. ആ ചേച്ചിയാകട്ടെ, പ്രത്യേകിച്ച് ഒരു ഭാവഭേദവും കൂടാതെ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നു. അയാള്‍ വീഴുന്ന പോലെ ആ പായിലെയ്ക്ക് ചെരിഞ്ഞു. കഷ്ടപ്പെട്ട് കൈ പൊന്തിച്ചു ആ സ്ത്രീയുടെ മുഖത്ത് തൊടാന്‍ നോക്കി. അപ്പോഴേക്കും വെട്ടിയിട്ടപോലെ നിലംപതിച്ചു. ഉടനെ പുറത്തു നില്‍ക്കുന്ന കുപ്പിക്കാരന്‍ അകത്തു വന്നു അയാളെ വലിച്ചു പുറത്തിട്ടു…
ഇത് സംഗതി വേറെയാണെന്നു മനസ്സിലാക്കിയ ഞങ്ങള്‍ രണ്ടുപേരും സമയം പാഴാക്കാതെ ഞങ്ങളുടെ ടെന്റിലെയ്ക്ക് തിരിച്ചു. ഓടി എന്നതാണ് സത്യം. അണച്ച് കൊണ്ട് ഇരുന്നപ്പോള്‍ ഇങ്ങനെയും ഉണ്ടല്ലേ സംഭവങ്ങള്‍ ഈ നാട്ടില്‍ ഇപ്പോഴും എന്നായിരുന്നു തെറികള്‍ മാറ്റി നിറുത്തിയാല്‍ ഹരിയുടെ വാചകങ്ങളുടെ ചുരുക്കം… കിതച്ചുകൊണ്ട് ടെന്റില്‍ വന്നിരുന്നപ്പോള്‍ ആണ് ഞാന്‍ ചുറ്റും നോക്കിയത്… അപ്പോഴാണ് കണ്ടത് ഒരാള്‍ ആ വെള്ളം നിറഞ്ഞു കിടക്കുന്ന ഞങ്ങളുടെ “തടാകത്തിന്റെ” മേലെ ചാഞ്ഞു നില്‍ക്കുന്ന ഒരു ഞാവല്‍ മരത്തില്‍ കയ്യും ചാരി ചുറ്റും നോക്കുന്നത്. ഞെട്ടിപ്പോയി ഞാന്‍. ഹരിയെ പിടിച്ചു വലിച്ചു ടെന്റിന്റെ അകത്തിട്ടു മിണ്ടാതെ അനങ്ങാതെ കിടന്നു. ഒരു ഒന്നൊന്നര മണിക്കൂര്‍ അങ്ങനെ കിടന്നുകാണും. ചുറ്റും വേറെ അനക്കമൊന്നും കേട്ടില്ല. പിന്നെ പതിയെ എപ്പോഴോ ഉറങ്ങിപ്പോയി.
സുഖകരമായിരുന്നില്ല ആ ഉറക്കം. കാലത്ത് ഒരു അഞ്ചര മണിയായപ്പോഴേയ്ക്കും എണീറ്റു. കൂര്‍ക്കം വലിച്ചു ഉറങ്ങുന്ന ഹരിയെ ചവിട്ടി എണീപ്പിച്ചു. അടുത്തുള്ള ആ ഞങ്ങളുടെ “തടാകത്തില്‍” നിന്നും മുഖം കഴുകി കാലത്തെ വെറുതേ കറങ്ങാന്‍ ഇറങ്ങിയ ഭാവത്തില്‍ വീട്ടിലെയ്ക്കെത്തി. അവിടെ ഞങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു അതിഥി ഇരുന്നു കട്ടനടിക്കുന്നു… മൂന്നു അമ്മാവന്മാരില്‍ നടുവിലത്തെ ആള്‍. മൂപ്പര് ബോംബെയില്‍ സയന്റിസ്ടാ… ഞങ്ങളുടെ ചെറുപ്പത്തിലെ റോള്‍ മോഡല്‍. പുരാതന സംസ്കാരങ്ങള്‍ തൊട്ട് ആസ്ട്രോഫിസിക്സ് വരെ മനസ്സിലുള്ള കക്ഷി. എങ്കിലും നാട്ടില്‍ വന്നാല്‍ മുണ്ടേ ഉടുക്കൂ. തനി നാടന്‍ ഭാഷയെ പറയൂ… ഭൂമിയിലെ പുല്ലിനെപ്പോലും നോവിക്കാതെയെ നടക്കൂ. ഞങ്ങളെ സ്വന്തം മക്കളെക്കാളും സ്നേഹവുമാണ്…
ഉറക്കച്ചടവുള്ള മുഖവുമായി അമ്മാവന്‍ ചിരിച്ചു… “രാവിലെ എവിടെപ്പോയതാടാ മരമാക്രികളേ …” എന്നും അങ്ങേരുടെ സ്നേഹപൂര്‍ണ്ണമായ സംബോധന അങ്ങനെയായിരുന്നു… “മരമാക്രി” …
“വെറുതെ മാമാ… ഇങ്ങനെ പറമ്പില്‍ കറങ്ങാന്‍ പോയതാ” എന്ന് ഞാന്‍… തല കുലുക്കാന്‍ ഹരിയും. “വേഗം പോയി പല്ല് തേച്ചു കുളിച്ചു റെഡിയാവ്. നമുക്കിന്നു പാടത്ത് പോണം ചൂണ്ടയിടാന്‍” എന്ന് അമ്മാവന്‍.
ഇത്രയും സന്തോഷമുള്ള കാര്യം ഞങ്ങള്‍ക്ക് വേറെയില്ല. മൂപ്പരുടെ കൂടെ നടക്കാന്‍ ഇറങ്ങിയാല്‍ വഴിയില്‍ കാണുന്ന പുല്ലിനെ തൊട്ടു സംസാരിച്ചു തുടങ്ങി സൂപ്പര്‍നോവ വരെ എത്തും… ഞങ്ങള്‍ രണ്ടും നേരെ ബ്രഷും പേസ്റ്റും സോപ്പും എടുത്തു കിണറ്റിന്‍ കരയിലെയ്ക്കോടി. ശടപടെന്നു കാര്യങ്ങളെല്ലാം തീര്‍ത്ത് രണ്ടു പുഴുങ്ങിയ പഴവും അകത്താക്കി ചായയും കുടിച്ചു വരാന്തയില്‍ കാത്തിരിയ്ക്കുന്ന അമ്മാവന്റെ അടുത്തെത്തി.
“പോവാം നമുക്ക് എന്നാല്‍”… അമ്മാവന്‍ അങ്ങേരുടെ വിദേശത്ത് നിന്നും കൊണ്ടുവന്ന ചൂണ്ടയും പ്ലാസ്ടിക് ഇരകളുടെ കിറ്റുമായി ഇറങ്ങി. പാടത്തേയ്ക്ക് കുറച്ചു ദൂരമുണ്ട് നടക്കാന്‍. ഇടുങ്ങിയ നാടന്‍ വഴിയിലൂടെ. വീട്ടില്‍ നിന്നിറങ്ങി കുറച്ചു കഴിഞ്ഞിട്ടും മൂപ്പര് ഒന്നും മിണ്ടുന്നില്ല. അവസാനം ഹരി വിളിച്ചു: “മാമാ…”
“ഇന്നലെ രാത്രി നിങ്ങള്‍ എവിടെയായിരുന്നു എന്ന് ഞാന്‍ കണ്ടു.”
രണ്ടുപേരും നിക്കറില്‍ മൂത്രമൊഴിച്ചില്ല എന്നേയുള്ളൂ… നിന്നുപോയി.
“എനിയ്ക്കറിയാം നിങ്ങളെ രണ്ടിനെയും. നിങ്ങള്‍ വായിക്കുന്നതും കാണുന്നതും സംസാരിക്കുന്നതും ഒക്കെ. ഈ പ്രായം കഴിഞ്ഞല്ലേ ഞാനും വന്നത്… നിങ്ങള്‍ ഇന്നലെ ആ ഞാവല്‍ മരത്തിന്റെ ചുവട്ടില്‍ കണ്ടത് എന്നെയായിരുന്നു. ഞാനും നിങ്ങളെ കണ്ടു. നിങ്ങളുടെ ആ കുട്ടിവീടും കണ്ടു. കണ്ടപ്പോഴേ മനസ്സിലായി എനിയ്ക്ക്… (ശബ്ദം മാറി)… ഇത്തരം പ്രകൃതിയോടുള്ള സ്നേഹം… ആ ഭാവം മനസ്സിലാക്കാനുള്ള കഴിവ്… അത് ആസ്വദിക്കാനുള്ള കൊതി… ഇതൊക്കെ എനിയ്ക്കും ഉണ്ടായിരുന്നതാണ്… ഒരു കാലത്ത് എനിയ്ക്കും വളരെ ഇഷ്ടമായിരുന്നു ആ സ്ഥലം. പ്രത്യേകിച്ചും ഓണക്കാലത്ത്. ഇന്നലെ ഞാന്‍ വന്നു കയറിയപ്പോള്‍ അമ്മ പറഞ്ഞു നിങ്ങള്‍ മുകളില്‍ കിടക്കുകയാണെന്ന്. ഒന്ന് കാണാന്‍ വേണ്ടി ഞാന്‍ അങ്ങോട്ട് കയറി വന്നപ്പോള്‍ അവിടെ രണ്ടു പേരും ഇല്ല. കുട്ടന്റെ റേഡിയോ ഇല്ല. മോനൂന്റെ പെട്ടിയും ഇല്ല. അപ്പോഴേ എനിയ്ക്ക് തോന്നി നിങ്ങള്‍ രണ്ടും പുറത്തു എന്തോ ഒപ്പിക്കാന്‍ പോയിരിയ്ക്കുമെന്നു. എന്റെ മരുമെളകുകളല്ലേ (മരുമക്കള്‍ എന്നതിന് മരുമെളകുകള്‍ എന്ന ഈ പ്രയോഗം അങ്ങേര്‍ക്കു സ്വന്തം)… നിങ്ങള്‍ പോയതെവിടെയ്ക്കാകും എന്ന് ഞാനൂഹിച്ചു. അതാണ് ഞാന്‍ അവിടെ ആ ഞാവലിന്റെ അടുത്ത് വന്നത്. ഇനി ഇങ്ങനെ വേണ്ട ട്ട്വോ. കാലം മാറി വരികയാണ്. അപകടങ്ങള്‍ ഉണ്ടാവാം…”
രണ്ടു പേര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. അമ്മാവന്റെ രണ്ടു വശത്തുമായി നടന്നിരുന്ന ഞങ്ങള്‍ ആ രണ്ടു കയ്യിലും കയറിപ്പിടിച്ചു ചേര്‍ന്ന് നടന്നു… കൊയ്തു കഴിഞ്ഞു കിടക്കുന്ന വിശാലമായ പാടത്തേയ്ക്ക്…
പിന്നെപ്പിന്നെ വിശാലമായ ലോകത്തേയ്ക്ക്…