മോഡേൺ മെഡിസിനും പാരമ്പര്യവൈദ്യവും

മോഡേൺ മെഡിസിനും നമ്മുടെ പാരമ്പര്യവൈദ്യവും എന്ന കാര്യത്തിൽ ഇന്ന് നടന്ന ചെറിയൊരു ഓൺലൈൻ ചർച്ചയുടെ ബാക്കിയാണ് ഈ പോസ്റ്റ്. പരമ്പരാഗത മരുന്നുകൾ “സയന്റിഫിക്കായി” ടെസ്റ്റ് ചെയ്യപ്പെടാത്തതിനാൽ ഉപയോഗയോഗ്യമല്ല എന്നതും, പരമ്പരാഗത മരുന്നുകളുടെ ചേരുവകളും മറ്റും ചില കുടുംബങ്ങളോ സമുദായങ്ങളോ രഹസ്യമാക്കിവെച്ചിരിക്കുന്നു എന്നുമായിരുന്നു പ്രധാന (കൗണ്ടർ)പോയിന്റുകൾ.

ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലെ പരമ്പരാഗത മരുന്നുകളുടെ “സയന്റിഫിക് ടെസ്റ്റിംഗ്” വിദേശികളാണോ ചെയ്യേണ്ടത് എന്ന മറുചോദ്യമാണ് എനിയ്ക്കുള്ളത്. ലോകത്തെ എല്ലാ രാജ്യങ്ങളും അവരവരുടെ പാരമ്പരാഗത അറിവുകളെ പരമാവധി സംരക്ഷിയ്ക്കാൻ നോക്കുമ്പോൾ നമ്മുടെ ഈ ഇന്ത്യയിൽ മാത്രമേ നമ്മൾ പരമ്പരാഗതമായി ആർജ്ജിച്ച, കാലത്തെ അതിജീവിച്ച അറിവുകളെ തള്ളിപ്പറയുന്ന രീതിയിൽ “പുരോഗമനം” സംഭവിച്ചിട്ടുള്ളൂ എന്നത് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. സയന്റിഫിക്കായി ടെസ്റ്റിംഗ് നടത്തിയില്ല എന്നുപറഞ്ഞു കാലങ്ങളോളമായി പ്രചാരത്തിലിരിക്കുന്ന ഒരു ചികിത്സാരീതിയെ തള്ളിപ്പറയുന്നതാണോ സയൻസിന്റെ വഴി എന്ന ചോദ്യവുമുണ്ട്. നിരീക്ഷണം, പരീക്ഷണം, നിഗമനം എന്ന രീതിയിൽ മുന്നേറേണ്ട സയൻസിന്റെ വഴി ഒരിക്കലും ഒന്നിന്റെയും അന്ധമായ തിരസ്കരണമല്ല എന്ന് ഈ മോഡേൺ സയൻസിന്റെ വക്താക്കൾ മറന്നുപോകുന്നത് നിരാശയുണ്ടാക്കുന്നുണ്ട്. 2015 ലെ മെഡിസിനുള്ള നോബൽ പ്രൈസ് കിട്ടിയത് ചൈനീസ് പരമ്പരാഗത മരുന്നുകളിൽനിന്നും മലേറിയക്കുള്ള മരുന്ന് കണ്ടെത്തിയ ഒരു വനിതയ്ക്കായിരുന്നു എന്നതും ഈ കാര്യം ചർച്ചചെയ്യുമ്പോൾ എടുത്തുപറയേണ്ടതാണ്.

പിന്നെ, മോഡേൺ മെഡിസിൻ മരുന്നുകളുടെ ചേരുവകൾ പബ്ലിക് ഇൻഫമേഷൻ ആണെന്നാണ് പൊതുവെ ധാരണ. ഞാൻ കുറച്ചു വസ്തുതകൾ ഇവിടെ എഴുതാം. അവ ശരിയാണോ എന്ന് സ്വന്തമായി അന്വേഷിച്ചിട്ട്, സ്വന്തം കോമൺസെൻസും ലോജിക്കും വെച്ച് അതേപ്പറ്റി തീരുമാനിയ്ക്കൂ. സൗകര്യത്തിനുവേണ്ടി അലോപ്പതി എന്നുതന്നെ മോഡേൺ മെഡിസിനെ വിളിച്ചുകൊള്ളട്ടെ:-

  • ഒരു മരുന്ന് റിസേർച് ആൻഡ് ഡെവലപ്മെന്റ് നടത്തി നിയമപ്രകാരം ഉള്ള ടെസ്റ്റുകൾ പാസ്സാക്കി (ഇൻ-വിട്രോ, ഇൻ-വൈവോ, പിന്നെ ജന്തുക്കളിൽ, പിന്നെ വളണ്ടിയർ ചെയ്യുന്ന മനുഷ്യരിൽ) പുറത്തിറക്കാൻ മിനിമം ബില്യൺ ഡോളർ ചെലവുവരും.
  • വൻകിട യൂറോപ്യൻ, അമേരിക്കൻ കമ്പനികളിലാണ് പുതിയ അലോപ്പതി മരുന്നുകളുടെ റിസേർച് ആൻഡ് ഡെവലപ്മെന്റ് മിക്കവാറും നടക്കുന്നത്. പണ്ട് പരമ്പരാഗത മരുന്നുകളിൽ നിന്നുമാണ് മോഡേൺ മെഡിസിന്റെ ആക്റ്റീവ് ഇൻഗ്രേഡിയന്റുകള് വേർതിരിച്ചിരുന്നത്. പി്ൽക്കാലത്ത് കെമിക്കൽ സിന്തെസിസ് വഴി പൂർണ്ണമായും കൃത്രിമമായ രീതിയിലാണ് മരുന്നിന്റെ നിർമ്മാണം നടക്കുന്നത്.
  • ബില്യൺ കണക്കിന് ചെലവുള്ളതുകൊണ്ട് വൻകിട കമ്പനികൾക്കുമാത്രമേ ഈ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിയിൽ പ്രസക്തിയുള്ളൂ. അവർ പുറത്തിറക്കുന്ന മരുന്നുകൾ നാലഞ്ചു വർഷം കഴിഞ്ഞാൽ അതിലെ ആക്റ്റീവ് ഇൻഗ്രേഡിയന്റ് ആയ കെമിക്കൽ മറ്റു ഛോട്ടാ കമ്പനികൾക്ക് ഉത്പാദിപ്പിക്കാൻ ലൈസൻസ് കൊടുക്കും, അവർ ആ ആക്റ്റീവ് ഇൻഗ്രേഡിയന്റ് അവരുടെ ചേരുവകൾ ചേർത്ത് വേറെ പേരിലും വിലയിലും അതേ മരുന്നുകൾ ഇറക്കും. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വ്യവസായം മുഴുവൻ ഇത്തരത്തിലുള്ളതാണ്.
  • അമേരിക്കൻ ഗവണ്മെന്റിന്റെ Food and Drug Administration – FDA -യുടെ നിയമങ്ങൾ വളരെ കർക്കശവും അവിടെ ഏറെക്കുറെ മാന്യമായ രീതിയിലുള്ള നടത്തിപ്പും ഉള്ളതിനാൽ ആ രാജ്യത്തെ മരുന്നുത്പാദനം വലിയ കൃത്രിമങ്ങളില്ലാതെ നടക്കും. പക്ഷെ, എങ്കിൽപ്പോലും ടെസ്റ്റുകളുടെ അവസാനം കണ്ടെത്തുന്ന സൈഡ് ഇഫക്ടുകൾ മറച്ചുപിടിക്കുവാൻ മരുന്നുകമ്പനികൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഒരു ബില്യൺ ഡോളറൊക്കെ ചെലവാക്കി ഉൽപ്പാദനം വരെ എത്താറായ മരുന്നിന്റെ ടെസ്റ്റിംഗ് മനുഷ്യരിൽ നടത്തുമ്പോൾ കണ്ടെത്തുന്ന ഇത്തരം സൈദ് ഇഫക്ടുകൾ കാരണം ആ മരുന്നിന്റെ പ്രൊഡക്ഷൻ ഉപേക്ഷിച്ചാൽ സംഭവിക്കുന്ന ഭീമമായ നഷ്ടം ഒരു കമ്പനിയും ഏറ്റെടുക്കാൻ തയ്യാറല്ലാത്തതുകൊണ്ട് ഇത് സംഭവിക്കുമെന്നതിൽ യാതൊരു തർക്കവും വേണ്ട.
  • ഒരു വർഷത്തോളമോ മറ്റോ അത്തരം സൈഡ് ഇഫക്ടുകളുള്ള മരുന്നുകൾ വിപണിയിൽ ഓടിക്കഴിഞ്ഞു ലാഭമായാൽ അതേ കമ്പനി തന്നെ സൈഡ് ഇഫക്ടുകൾ പരസ്യപ്പെടുത്തി അവയില്ലാത്തതെന്നും പറഞ്ഞ് പുതിയ മരുന്നും ഇറക്കും.
  • വൻകിട കമ്പനികളിൽ നിന്നും മരുന്നുകൾ ലൈസെൻസ് ചെയ്തു ഉൽപ്പാദനം നടത്തുന്ന ഇന്ത്യൻ കമ്പനികൾ ഇവിടത്തെ (ഇല്ലാത്ത) നിയമങ്ങൾ തരുന്ന സൗകര്യങ്ങൾ ഉപയോഗിച്ച് ഉത്പാദനത്തിലും ടെസ്റ്റിംഗിലും എന്തൊക്കെ തട്ടിപ്പുകൾ കാണിക്കുന്നുണ്ടാവും എന്നൂഹിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. ആ മരുന്നുകൾ അവർ തിരിച്ചു അമേരിക്കയിലേക്കും മറ്റും തന്നെ കയറ്റുമതിയും ചെയ്യുമെന്നതാണ് തമാശ. ചില അമേരിക്കൻ ആരോഗ്യ ഏജൻസികൾ ഇവിടെ മരുന്നുകമ്പനികളിൽ നടത്തിയ മിന്നൽ പരിശോധനകളുടെ ഞെട്ടിയ്ക്കുന്ന ഫലങ്ങൾ അമേരിക്കൻ മാധ്യമങ്ങളിൽ വന്നിട്ട് അധികകാലമായിട്ടില്ല. ഒന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടാവുന്നതേയുള്ളൂ.
  • വിവിധ രാജ്യങ്ങളിലെ മെഡിക്കൽ രംഗത്തെ ഗവേഷണങ്ങളുടെ ഫണ്ടിങ് ഇതേ കമ്പനികളായതുകൊണ്ട് അവർ ഇറക്കുന്ന മരുന്നുകളെപ്പറ്റി പിന്നെ ഒരുമാതിരി മെഡിക്കൽ ജേര്ണലുകളിൽ വരുന്ന വിവരങ്ങൾ എങ്ങനെയായിരിക്കും? നമ്മുടെ സിനിമേല് കുളപ്പുള്ളി അപ്പന്റെ ട്രസ്റ്റുപോലെയായിരിക്കും എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട.
  • നാട്ടിൽ ഒരു ഡോക്ടർക്ക് ഒരു മരുന്നിലെ ആക്റ്റീവ് ഇൻഗ്രെഡിയൻറ് എന്താണെന്ന് വ്യക്തമായി അറിയാവുന്ന തരത്തിലുള്ള എത്ര മരുന്നുകൾ ഉണ്ടെന്നാണ് വിചാരിക്കുന്നത്? വളരെ പ്രശസ്തമായ ഒരു ഡസൻ കാണും. ബാക്കി ഇന്ന് മാർക്കറ്റിലുള്ള ആയിരക്കണക്കിന് മരുന്നുകളുടെ കാര്യമൊക്കെ അറിയണമെങ്കിൽ അവർക്കു ബുക്കുകളും ജേർണലുകളും റെപ്രെസെന്റേറ്റിവ്‌കളും പറയുന്ന കാര്യങ്ങൾ വിശ്വസിച്ചേ മതിയാവൂ. അവരുടെ കഥ നേരത്തെ നമ്മൾ കണ്ടതാണ് – ലാഭക്കൊതി മൂത്ത കമ്പനി മാനേജ്മെന്റും, അനുവദിക്കപ്പെട്ട ഫണ്ടിന് നന്ദികാണിക്കുന്ന ഗവേഷകരും, വയറ്റിപ്പിഴപ്പിനുവേണ്ടി വാചകമടിച്ചു മരുന്നുവിൽക്കുന്ന റെപ്പും അത്യാഗ്രഹം മൂത്ത ഡോക്ടർമാരും കൂടിയുള്ള “മോഡേൺ മെഡിസിൻ ഇക്കോസിസ്റ്റം” ഇതാണ്.

എല്ലാ സ്ഥാപനങ്ങളും ഗവേഷകരും ഡോക്ടർമാരും അത്യാഗ്രഹികളാണെന്നോ വിവരമില്ലാത്തവരാണെന്നോ ഒന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. ദയവായി അതും പൊക്കിപ്പിടിച്ചു യുദ്ധത്തിന് വരരുത്. പക്ഷേ മേല്പറഞ്ഞ കാര്യങ്ങൾ നേരത്തെപറഞ്ഞപോലെ സ്വന്തം അന്വേഷണവും സ്വന്തം ബുദ്ധിയും ഉപയോഗിച്ച് ഉറപ്പുവരുത്തുക – എന്നിട്ടു മാത്രം – ഒരു തീരുമാനത്തിലെത്തുക, നാട്ടിലെ തലമുറകളിൽ ഒതുക്കിവെച്ചിരിക്കുന്നു എന്ന് പറയപ്പെടുന്ന പരമ്പരാഗത വൈദ്യവുമായി ആധുനിക വൈദ്യത്തെ എന്നിട്ടു നമുക്കൊന്ന് കമ്പയർ ചെയ്യാം.

Leave a Reply