സംഗീതം, രാഗം, രാഗഭാവം

? മാഷേ, നിങ്ങളീ പാട്ടൊക്കെ ഷെയറുചെയ്യുമ്പോ അതിന്റെ രാഗം അതാണ് ഇതാണ് എന്നൊക്കെ എഴുതിവിടുന്നുണ്ടല്ലോ. നിങ്ങളീ പറയുന്ന രാഗങ്ങളൊക്കെ അറിഞ്ഞാലേ സംഗീതം ആസ്വദിക്കാൻ പറ്റൂ എന്നാണോ?
= നേരെ തിരിച്ചാണ്. പാട്ടുകേൾക്കുമ്പോൾ അതിന്റെ കമ്പോസിങ്ങിൽ ഏതൊക്കെ രാഗങ്ങൾ ഉണ്ട് എന്ന് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് ഡിക്ഷണറി വെച്ച് ലവ് ലെറ്റർ വായിക്കുന്നപോലെയാണ്. അതോടെ പാട്ടു മെരിച്ചു!

? അപ്പൊ പിന്നെ നിങ്ങൾ പാട്ടിന്റെ രാഗത്തെപ്പറ്റി പറയുന്നതിന്റെ ഉദ്ദേശ്യം?
= രാഗം എന്നതിലും കൂടുതലായി രാഗഭാവം എന്നാണു ഞാൻ എഴുതാറുള്ളത്. മനുഷ്യരുടെ ഒരേ ഭാവത്തിനുതന്നെ എത്ര നിറങ്ങളാണുള്ളത്… പ്രത്യേകിച്ച് സ്നേഹം തന്നെ രാഗം, അനുരാഗം, പ്രേമം, പ്രണയം എന്നിങ്ങനെ നാലുവിധമെന്നു പഴേ താടിക്കാർ പറഞ്ഞിട്ടുണ്ട്. ഇതോരോന്നും മനസ്സിലുണ്ടാക്കുന്ന ഭാവങ്ങൾ വേറെവേറെയാണ്. അതും പോരാഞ്ഞിട്ട് ഒരാളുടെ ഭൂത-ഭാവി-വർത്തമാനങ്ങളിലെ ജീവിതസാഹചര്യമനുസരിച്ച് ഓരോ ഭാവങ്ങളും മനസ്സിൽ ഉണർത്തിക്കൊണ്ടുവരുന്ന സ്മരണകൾ വേറെയാണ്. അത്രയും കോംപ്ലിക്കേറ്റഡ് ആയ ഒരു സംഭവത്തെപ്പറ്റി പറയുവാൻ സംഗീതഭാഷയിൽ ഏറ്റവും എളുപ്പം ആ പാട്ട് (അഥവാ പാട്ടിന്റെ ഇന്ന ഭാഗം) ഇന്ന രാഗത്തിന്റെ ഭാവഛായയിലാണ് എന്ന് പറയുന്നതാണ്. സിമ്പിൾ.

? അപ്പൊ ഒരേ പാട്ട് പലരും പലതരത്തിലാണ് അനുഭവിച്ച് ആസ്വദിക്കുന്നത് എന്നാണോ?
= തീർച്ചയായും അതെ. കുറച്ചു പൊതുവായ വികാരങ്ങൾ മാറ്റിനിറുത്തിയാൽ ഒരേ പാട്ടു തന്നെ തികച്ചും വ്യത്യസ്തമായിട്ടാണ് ഓരോരുത്തരും അനുഭവിക്കുന്നതും ആസ്വദിക്കുന്നതും.

? അങ്ങനെയാണെങ്കിൽ ഒരേ രാഗവും പല ആളുകൾ പല രീതിയിലല്ലേ മനസ്സിലാക്കുക? അപ്പോൾ രാഗഭാവം എന്നൊക്കെ പറയുന്നതിന്റെ പ്രസക്തി എന്താണ്?
= അത് ലളിതമാണ്. ഉദാഹരണത്തിന്, ഒരാൾ ഒരു പാട്ടു കേട്ടിട്ട് അയാൾ ആ പാട്ടിനാൽ സ്വാധീനിക്കപ്പെട്ടു എന്ന് കരുതുക (അത് കേട്ടിട്ട് സന്തോഷമാവാം, സങ്കടപ്പെടാം… എന്തുമാവാം). എന്നുവച്ചാൽ അയാളുടെ മനസ്സിൽ ഒരുകൂട്ടം വികാരങ്ങളും സ്മരണകളും ബിംബങ്ങളും എല്ലാം ചേർന്ന ഒരു അനുഭവമണ്ഡലം ഉണ്ടാക്കാൻ ആ പാട്ടിനു സാധിച്ചു എന്നാണല്ലോ അതിനർത്ഥം. ഇനി ആ പാട്ട് ഒരു പ്രത്യേക രാഗത്തിന്റെ ഭാവഛായയിലാണ് കമ്പോസ് ചെയ്തിട്ടുള്ളത് എന്ന് ഒരുതവണ മനസ്സിലാക്കിയാൽപ്പിന്നെ, പിന്നീടെല്ലാം ആ അനുഭവമണ്ഡലത്തെ സൂചിപ്പിക്കാനായി ആ രാഗത്തിന്റെ പേരുപയോഗിക്കാമല്ലോ. ഒരുപാട് സംഗതികൾ ചേർന്ന ഒരു അനുഭവമണ്ഡലത്തെ സൂചിപ്പിക്കാനാണ് ഞാൻ രാഗത്തിന്റെ പേരുപയോഗിക്കുന്നത് എന്ന് ചുരുക്കം.

? അപ്പോൾ ഇപ്പൊ താഴെ ഷെയറുചെയ്ത പാട്ട് ഏതു രാഗഛായയിലുള്ളതാണ്? അത് നിങ്ങളിൽ ഉണ്ടാക്കുന്ന അനുഭവമണ്ഡലമെന്താണ്?
= “മുത്തുപൊഴിയുന്ന പുത്തിലഞ്ഞിച്ചോട്ടിൽ എത്തുന്ന പെൺകിടാവേ…” എന്ന ഈ പാട്ട് ഉണ്ടാക്കുന്ന അനുഭവമണ്ഡലം വളരെ സ്നേഹപൂർണവും ശാന്തവും അതേസമയം നൊസ്റ്റാൾജിക്കുമാണ്. ഒരാളുടെ നൊസ്റ്റാൾജിയ വേറൊരാൾക്ക് പറഞ്ഞു മനസ്സിലാക്കുക അസാധ്യം. പാട്ടിന്റെ വരികൾ ബാല്യകാലം തൊട്ട് യൗവനം വരെ കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയെ വർണ്ണിക്കുന്നുണ്ട്. അങ്ങനെയൊരു പെൺകുട്ടിയുടെ കാര്യം സാങ്കല്പികമോ യാഥാർത്ഥമോ ആവട്ടെ, ബാക്കി നിങ്ങൾ തന്നെ കേട്ട് നിങ്ങളുടെ അനുഭവമണ്ഡലങ്ങൾ ഉണ്ടാക്കേണ്ടതാണ്. ആ മൊത്തം അനുഭവത്തെ സംഗീതഭാഷയിൽ “ശുദ്ധസാവേരി” രാഗം എന്ന് വിളിക്കും എന്ന് മനസ്സിലാക്കുക. (എന്തിനെയും ദേവതകളായി കാണുന്ന നമ്മുടെ പഴേ താടിക്കാരുടെ ദേവതാസങ്കൽപം കൂട്ടിച്ചേർത്തു പറഞ്ഞാൽ… “ശുദ്ധസാവേരി” എന്ന രാഗദേവതയെ നിങ്ങളുടെ മനസ്സിൽ കൊണ്ടുവരാൻ ഈ പാട്ടുകൊണ്ട് മനസ്സിൽ ഉണ്ടാകുന്ന അനുഭവമണ്ഡലത്തിനു സാധിക്കും എന്നും സങ്കല്പിക്കാവുന്നതാണ്.)

? അപ്പൊ ഇതേ അനുഭവമുണ്ടാക്കുന്ന വേറെ പാട്ടുകൾ കേട്ടാൽ അതും ശുദ്ധസാവേരി രാഗത്തിലാണെന്നു പറയാൻ പറ്റും എന്നാണോ?
= തൊണ്ണൂറ്റിയൊൻപതു ശതമാനവും സാധിക്കും. ആ അനുഭൂതിയിലാണ് കാര്യമിരിക്കുന്നത്. അതിനു സ്വരങ്ങളും സ്വരസ്ഥാനങ്ങളും ഒന്നും അറിയേണ്ട കാര്യമില്ല. സ്വരങ്ങളല്ല, അവയുണ്ടാക്കുന്ന അനുഭവമണ്ഡലമാണ് സംഗീതം. അതിൽ കൂടുതൽ സ്വരങ്ങളെപ്പറ്റി അറിയേണ്ടവർ സംഗീതം ഉണ്ടാക്കുന്ന ആളുകളും പാടുന്നവരും മാത്രമാണ്. അവർക്കാണെങ്കിൽപ്പോലും ഈ ബോധമില്ലെങ്കിൽ അവരുടെ സംഗീതം സംഗീതമായി കണക്കാക്കാനാവില്ല.

? അപ്പൊ ഈ പാട്ടിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട അനുഭവം ഉണ്ടാക്കുന്ന സ്ഥലം കൂടെ പറ!
= ഈ പാട്ടിൽ ശുദ്ധസാവേരി എന്ന രാഗദേവതയെ മിന്നായം പോലെ ഇടവിടാതെ കാണാം. എന്നെ സംബന്ധിച്ചിടത്തോളം അതേറ്റവും ഹൃദ്യമാവുന്ന ഒരിടമുണ്ട്… അത് പാട്ടിൽ 4:30 സമയത്ത് ദാസേട്ടൻ “മലർപ്പുഞ്ചിരി” എന്നതിലെ ‘പുഞ്ചിരി’ എന്ന വാക്ക് അദ്ദേഹത്തിന് മാത്രം കഴിയുന്ന സവിശേഷമായൊരു രീതിയിൽ പാടുന്നിടത്താണ്. ആ നിമിഷത്തിൽ ഓർമ്മകളുടെ ആഴത്തിലേക്ക് കാൽ കാൽ തെറ്റി വീഴുന്ന സമയത്ത് ശുദ്ധസാവേരി എന്ന രാഗദേവതയെ അതിന്റെ സകല സൗന്ദര്യാതിശയങ്ങളോടുംകൂടി കണ്മുന്നിൽ കാണാം എനിയ്ക്ക്. പാട്ടിലെ അങ്ങനത്തെ നിമിഷങ്ങളാണ് ഒരു രാഗത്തെയും കമ്പോസറേയും ഗായകനെയുമൊക്കെ എനിയ്ക്കു പ്രിയപ്പെട്ടവരാക്കുന്നത്.

ഇത്രയും കേട്ടിട്ട് “നീലക്കടമ്പ്” എന്ന സിനിമയിലെ “ദീപം, കയ്യിൽ സന്ധ്യാദീപം” എന്ന പാട്ടുകൂടി കേട്ടുനോക്കൂ. അല്ലെങ്കിൽ “വെറുതെ ഒരു പിണക്കം” എന്ന സിനിമയിലെ “മനസ്സേ നിന്റെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റിവെച്ചു” എന്ന പാട്ടുകൂടി കേട്ടുനോക്കൂ. അവിടെയും ശുദ്ധസാവേരിയുടെ വിലാസങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞാൽ മേല്പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്കും അനുഭവസിദ്ധമായി എന്നർത്ഥം.

മുത്തുപൊഴിയുന്ന പുത്തിലഞ്ഞിച്ചോട്ടിൽ എത്തുന്ന പെൺകിടാവേ…

Leave a Reply