“പേഴ്സണലായിട്ടു പറയുവാ: സംഗീതപ്രേമികൾക്കുള്ള പോസ്റ്റാണ്. മറ്റുള്ളവർ ദയവായി ഉപദ്രവിക്കരുത്.”
ശാന്തവും ധ്യാനാത്മകവും തത്വചിന്താപരവുമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്ന സ്വരവിന്യാസമാണ് സാമ രാഗത്തിന്റേത്. രാഗത്തിന്റെ പേര് ശാമ, ഷാമ, ശ്യാമ എന്നൊക്കെ പറയുന്നവരുമുണ്ട്. പൊതുവെ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയ സംഗീതം കേട്ടാൽ സഹൃദയനനുഭവപ്പെടുന്ന ഭാവങ്ങളാണ് മേൽപ്പറഞ്ഞവ (എന്നുവെച്ചു ഇന്ന ഭാവങ്ങൾ മാത്രമേ ഇന്ന രാഗംകൊണ്ടു സാധ്യമാകൂ എന്നൊരു നിയമവുമില്ലതാനും).
സംഗീതപ്രേമിയായ ഒരു മലയാളി കേൾക്കാനിടയുള്ള ഒരേയൊരു പ്രസിദ്ധമായ സിനിമാപ്പാട്ടെ ഈ രാഗത്തിലുള്ളൂ. അതുതന്നെ പത്തുനാല്പതു വയസ്സിലും കൂടുതലുള്ള യുവാക്കൾ മാത്രമേ കേട്ടിരിക്കാനും വഴിയുള്ളു – 1955 കാലത്തിറങ്ങിയ “രാജാ ഹരിശ്ചന്ദ്ര”യിലെ പ്രസിദ്ധമായ “ആത്മവിദ്യാലയമേ” ആണാ പാട്ട്. അഞ്ചുവയസ്സുള്ള ഞാൻ ആദ്യമായി വീടിനടുത്തുള്ള ടാക്കീസിൽ പോയി കണ്ട ചിത്രങ്ങളിലൊന്നാണ്. കമുകറ പുരുഷോത്തമന്റെ അനുനാസികം കലർന്ന സുന്ദരശബ്ദത്തിൽ ഇപ്പോഴും വല്ലപ്പോഴും കേൾക്കാനിഷ്ടപ്പെടുന്ന “ആത്മവിദ്യാലയമേ…”
പിൽക്കാലത്ത് പത്തിരുപതു വശങ്ങൾക്കുശേഷം മനസ്സിലാക്കി ഈ ഗാനത്തിന് കർണ്ണാടക ശാസ്ട്രീയ സംഗീതത്തിലെ ഒരു കൃതിയുടെ അതെ ഈണവും ഭാവവുമാണെന്ന് – നാലഞ്ചു നൂറ്റാണ്ടിനു മുൻപ് ജീവിച്ചിരുന്ന സദാശിവ ബ്രഹ്മേന്ദ്രർ രചിച്ചുവെന്നു കരുതുന്ന “മാനസ സഞ്ചരരേ…” എന്ന അതിസുന്ദരമായ കൃതി. ഈ കൃതി പിന്നീട് എത്രയോ മഹാഗായകർ പാടിയിരിക്കുന്നു. പക്ഷേ ഇന്ന്, ഇവിടെ, യുവതലമുറയിലെ കഴിവുറ്റ ഗായകനായ ഹരിചരൺ അതിമനോഹരമായി പാടിയ കൺഫ്യൂഷനൊട്ടുമില്ലാത്ത ഒരൊന്നാന്തരം “മാനസ സഞ്ചരരേ…” ഫ്യൂഷൻ ഇതാ:
മലയാളത്തിൽനിന്നും വിട്ടു തമിഴിലേയ്ക്ക് പോയാൽ അവിടെയും ഒന്നോ രണ്ടോ പാട്ടുകളെ സിനിമയിൽ ഈ രാഗത്തിൽ ഇതുവരെ സംഭവിച്ചിട്ടുള്ളു. രണ്ടും മെല്ലിസൈ മന്നനാർ സാക്ഷാൽ എം എസ് വിശ്വനാഥന്റെയാണ് (ആ മഹാപ്രതിഭയുടെ ഓർമ്മകൾക്കുമുന്നിൽ പ്രണാമം). അതിൽ എനിക്കിഷ്ടമായതും “മാനസ സഞ്ചരരേ..” യുടെ അതെ ചട്ടക്കൂട്ടിൽ നിൽക്കുന്നതുമായ “നാൻ പാടിക്കൊണ്ടേ ഇരുപ്പേൻ…” ഇവിടെ:
എം എസ് വി യുടെ അസാധ്യമായ സംഗീതാജ്ഞാനത്തിനു ഉത്തമ ഉദാഹരണമായി, മേൽപ്പറഞ്ഞ പാട്ടിന്റെ അതേ വരികൾ തന്നെ അദ്ദേഹം അതേ സിനിമയുടെ ശോകസന്ദർഭത്തിനായി ശിവരഞ്ജിനി രാഗത്തിൽ ഒന്ന് മാറ്റിപ്പിടിച്ചു എനിക്കേറ്റവും പ്രിയമുള്ള ഒരു ശോകഗാനമായ “നാൻ പാടിക്കൊണ്ടേ ഇരുപ്പേൻ…” തന്നിട്ടുണ്ട്. ഈ പാട്ടു ഒറിജിനൽ വേർഷനെക്കാൾ എനിക്കിഷ്ടപ്പെട്ടിട്ടുള്ളത് പത്തുപന്ത്രണ്ടുകൊല്ലം മുൻപ് ഐഡിയാ സ്റ്റാർ സിംഗറിൽ ദുർഗ എന്ന മത്സരാർത്ഥി എം എസ് വി ജഡ്ജായിരിക്കെ അദ്ദേഹത്തിനുമുന്നിൽ പാടിയ ഈ വേർഷനാണ്:
ഒറിജിനലിനേക്കാൾ നന്നായി ലൈവ് പാടി എന്ന് എനിക്ക് തോന്നിയിട്ടുള്ള ഇത്തരം ചില ലൈവ് സിംഗിംഗ് പെർഫോമൻസുകൾ പല ഭാഷയിലായി, ഇന്ത്യക്കകത്തും പുറത്തുമായി, മൂന്നുനാലെണ്ണം വേറെയുമുണ്ട്. അവ വഴിയേ വരുന്ന പോസ്റ്റുകളിൽ, സമയംകിട്ടുന്നമുറയ്ക്ക്. അതൊക്കെ പാടാൻ മിടുക്കുകാട്ടിയ ഒട്ടുമിക്കവാറും ഗായകരും ജ്ഞാനവും കഴിവുമുണ്ടായിട്ടും സംഗീതക്കച്ചവടത്തിന്റെ വഴിയിൽ കഴിവിനനുസരിച്ചു എവിടെയും എത്തിയില്ല എന്നതും വാസ്തവം…
തുണ്ടുപല്ലവി: രാഗത്തിന്റെ സ്വരങ്ങളിലേയ്ക്കും ഗമകപ്രയോഗങ്ങളിലേയ്ക്കുമൊക്കെ പോകുന്നത് വൃഥാവ്യായാമമാണ് എന്നതിനാൽ ഞാൻ ആ പരിപാടിയ്ക്കില്ല. ഭാരതീയ സംഗീതത്തിന്റെ കാര്യത്തിൽ വായിച്ചിട്ടല്ല അതൊന്നും അറിയേണ്ടതും പഠിക്കേണ്ടതും – ഗുരുമുഖത്തുനിന്നുമാണ്.