പുരാതന ഭാരതത്തിന്റെ ദേവതാസങ്കല്പം

കാലത്തു നേരത്തെ എണീറ്റു. നല്ല തണുപ്പാണ്.
ചായയിടാൻ വെള്ളമെടുത്തു. ലേശം തുളുമ്പിപ്പോയി.
കൈ നനഞ്ഞു. വെള്ളത്തിനെന്തൊരു തണുപ്പാണ്…

വെള്ളത്തിന്റെ ആ നനയ്ക്കാനുള്ള കഴിവ്, തണുപ്പിക്കാനുള്ള കഴിവ്…
സർഫേസ് ടെൻഷനോ ബാഷ്പീകരണമോ എന്തുമാവട്ടെ…
അത്തരം പല കഴിവുകളുണ്ടല്ലോ വെള്ളത്തിൽ അന്തർലീനമായിട്ട്.
ആ കഴിവുകളെ എല്ലാം ചേർത്ത് ഒരു രസത്തിന് വെള്ളത്തിന്റെ ദേവതയെന്നു വിളിച്ചാൽ വിരോധാവോ?
ശിവകാശി കലണ്ടറിലെ ദേവതയല്ല – നേരെമറിച്ച്, വെള്ളത്തിന്റെ മേൽപ്പറഞ്ഞ ഒരു കൂട്ടം കഴിവുകൾക്ക് പൊതുവെ ഒരു പേര്.
അത്രമാത്രം.

ചായവെക്കാൻ അടുപ്പു കത്തിച്ചു.
തീ ചാഞ്ഞും ചെരിഞ്ഞും പല നിറങ്ങളിൽ തുള്ളിക്കളിയ്ക്കുന്നു.
വെള്ളത്തിന്റേതുപോലെ തീയ്ക്കും എത്രയോ കഴിവുകൾ.
ഇരിക്കട്ടെ തീയിന്റെ ചൂടിനുമൊരു ദേവത.
അഗ്നിയുടെ ദേവതയ്ക്കു സ്വാഗതം.

ജനൽ തുറന്നപ്പോൾ അകത്തേയ്ക്കു തണുത്ത കാറ്റ്.
എത്രയോ കഴിവുകൾ കാറ്റിനും.
വായുവിന്റെ ദേവത.

വെള്ളവും തിളയ്ക്കുന്നു. തേയിലയെടുത്തു.
ഗ്രീൻ ടീ.
അടുത്തിടെ ചൈനയിൽപ്പോയ ഒരു സുഹൃത്ത് കൊണ്ടുതന്നതാണ്.
ഭൂമിയിൽനിന്നു വെള്ളവും വളവും വലിച്ചെടുത്ത്,
വെയിലിന്റെയും വായുവിന്റെയും സഹായത്തോടെ,
തന്റെ ഇലകൾക്ക് ചായയുടെ ആ പ്രത്യേക മണവും ഗുണവും ഉണ്ടാക്കുവാനുള്ള ആ ചെടിയുടെ കഴിവ്…
മനുഷ്യന് കൃത്രിമമായുണ്ടാക്കാൻ ഇതുവരെ കഴിയാത്ത തേയിലയുടെ ആ രാസക്കൂട്ട്…
ആ കഴിവിനെയും ഒരു ദേവതയായി കാണാനെന്തു വിഷമം…
തേയിലച്ചെടിയുടെ ഇലയിലുള്ള ഒരു ദേവത!

അങ്ങനെ ഓരോ ചെടിയിലും എത്രയോ സസ്യദേവതകൾ…
ഭൂമിയുടെ ദേവതയോടുചേർന്നു അവയുണ്ടാക്കിയവ ആഹാരമാക്കി അവയെയൊക്കെ സ്വന്തം ശരീരമാക്കി മാറ്റാനുള്ള എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളുടെയും കഴിവുകൾ …
എന്റെ ശരീരത്തിലെ ദേവതകൾ!

(അങ്ങനെ നോക്കുമ്പോൾ, വെറുതെയല്ല ചില ഔഷധസസ്യങ്ങൾ പറിക്കുമ്പോൾ മിണ്ടാതെ, തൊട്ടുരിയാടാതെ പറിയ്ക്കാൻ പണ്ടുള്ളവർ പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാകുന്നു.
ഛായ്.. അന്ധവിശ്വാസം! മിണ്ടാതിരി!)

അപ്പോൾ… സസ്യങ്ങൾക്കും മൃഗങ്ങൾക്കും അവയുടെ നിലനിൽപ്പിനു നിദാനമായ എല്ലാ മൂലകങ്ങളും കോടാനുകോടിവര്ഷങ്ങളായി തന്നുകൊണ്ടിരിക്കുന്ന ഭൂമിയുടെ കഴിവുകളോ…
ഭൂമിയ്ക്കും എത്രയെത്ര ദേവതമാർ…

മേൽപ്പറഞ്ഞ തരത്തിൽ ആഹാരമായി എന്റെയും നിങ്ങളുടെയും ശരീരത്തിലെ ഓരോ കോശങ്ങൾക്കും അടിസ്ഥാനമായ ഈ ഭൂമി എത്രയോ ബില്യൺ വര്ഷങ്ങള്ക്കു മുൻപ് സൂര്യനിൽ നിന്നും അടർന്നു മാറി ഭ്രമണം തുടങ്ങിയതാണല്ലോ… അങ്ങനെ നോക്കിയാൽ ഞാനും നിങ്ങളും ഈ ഭൂമിയിലെ ഓരോ അണുവും (ഉൽക്കകളെ മറക്കുക) സൂര്യന്റെ ഭാഗമായിരുന്നല്ലോ. ആ സൂര്യന്റെ ചൂടും ആകര്ഷണബലവുമില്ലായിരുന്നെങ്കിൽ ഇന്ന് ഈ ഞാൻ ഈ ചായ ഈ ഭൂമിയിൽ എങ്ങനെ ഉണ്ടാക്കിയേനെ? ആ സൂര്യന്റെ കഴിവുകളെയും വിളിയ്ക്കാം സൂര്യനിലെ ദേവതമാർ എന്ന്.

സൂര്യനും അതുപോലുള്ള നക്ഷത്രങ്ങളും അനുസരിക്കുന്ന പ്രപഞ്ചനിയമങ്ങൾ…
റിലേറ്റിവിറ്റിയും ക്വാണ്ടം ഫിസിക്സുമായി ഗണിതത്തിന്റെ കൂട്ടുപിടിച്ചു മല്ലിട്ട എന്റെ അസംഖ്യം ദിവസങ്ങൾ…
ബോസോണുകളും ഫെർമിയോണുകളും തൊട്ട് ബ്ലാക്‌ഹോളുകളും ഗാലക്സികളും വരെ പ്രപഞ്ചത്തിലെ നിയമങ്ങൾ അനുസരിക്കുന്ന ഏതൊന്നിന്റെയും ഗുണവിശേഷങ്ങളെ ഓരോന്നിനെയും ഓരോ ദേവതയെന്നു സങ്കല്പിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്?

വികലമായ എന്റെ ഈ ശൈലിയിൽ തുടർന്നുപറഞ്ഞാൽ, പ്രപഞ്ചത്തിലെ സ്വത്വവിശേഷമുള്ള എല്ലാം ദേവതമാരാണ്.
ദേവതാഗണങ്ങൾ.

ഏറെക്കുറെ ഇതുതന്നെയാണ് പുരാതന ഭാരതത്തിന്റെ ദേവതാസങ്കല്പം.
സ്വാഭാവികമായും സൃഷ്ടിയ്ക്കും സ്ഥിതിയ്ക്കും സംഹാരത്തിനും അതാതിന്റേതായ ദേവതാസങ്കല്പമുണ്ട്.
അങ്ങനെ അസംഖ്യം ദേവതാഗണങ്ങളുണ്ടെങ്കിൽ സ്വാഭാവികമായും ഗണങ്ങളുടെ നായകൻ (ഗണനായകൻ) എന്നിങ്ങനെ വേറെ എത്രയോ സങ്കല്പങ്ങൾ ഇവിടെയുണ്ട്…

പ്രപഞ്ചത്തിലെ ഈ മുപ്പത്തിമുക്കോടിയിലും എത്രയോ അധികം വരുന്ന ദേവതകളുടെ വ്യവസ്ഥയായി വർത്തിക്കുന്ന നിയാമകശക്തിയാണ് ഏകനായ ഈശ്വരൻ.

ആയതിനാൽ പുരാതന ഭാരതീയ തത്വചിന്തയിൽ ഏകനായ ഈശ്വരൻ വേറെ, കോടിക്കണക്കായ ദേവതകൾ വേറെ എന്ന് മനസ്സിലാക്കുക.
ഭാഷ സംസ്കൃതമാണ്.
ദേവൻ, ഈശ്വരൻ എന്നീ വാക്കുകൾ വ്യത്യസ്ത അർത്ഥമുള്ളവയാണ്.
ഏറ്റവും കൂടുതൽ സൂക്ഷിച്ചുപയോഗിക്കേണ്ടവയാണ്.

ആധുനികശാസ്ത്രത്തിന്റെ ഭാഷ ഗണിതമാണല്ലോ.
ഒരു പരിധികഴിഞ്ഞാൽ വഴിമുട്ടിപ്പോകുന്ന വിരസമായ ഗണിതസമവാക്യങ്ങൾക്കുപരിയായി ജീവസ്സുറ്റ ഒരു പ്രപഞ്ചാവബോധമുണ്ടാക്കുന്നില്ലേ ഇതൊക്കെ?

ഞാൻ പറഞ്ഞയിടം വരെ ദേവതാസങ്കല്പത്തിൽ ഒരു അന്ധവിശ്വാസവും ഞാൻ കാണുന്നില്ല.
ഇതിനപ്പുറത്തേയ്‌ക്ക്‌ കടക്കാൻ ഞാൻ തയ്യാറല്ല.
കാരണം അവിടെ ആധ്യാത്മികതയുടെ അതിരുകൾ തീരുന്നു.
അവിടംമുതൽ ഞാൻ ഏറെക്കുറെ ആധുനികശാസ്ത്രത്തിന്റെ കൂടെയാണ്.

നന്ദി.

ചായക്കോപ്പയിലെ കൊടുങ്കാറ്റിന് ഒരു സമാധാനമായി. ഇനി ചായ കുടിക്കാം. ഈ പാട്ടുമൊന്നു ശ്രദ്ധിച്ചോളു. മേല്പറഞ്ഞതെന്തെങ്കിലും പാട്ടിലെ വരികളോട് ഒത്തുപോകുമോയെന്നു നോക്കിക്കോളൂ.

ഇതിലെ ശരികൾക്ക് കടപ്പാട്: ‘ക്ഷേത്രരഹസ്യവും ദേവതകളും’ (സ്വാമി നിർമ്മലാനന്ദഗിരി).
തെറ്റുകൾ എന്റേതുമാത്രം.

Leave a Reply